കൊല്‍ക്കത്ത: ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിച്ചതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി.കൊല്‍ക്കത്തയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
2014 ലെ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ ലഭിച്ച വോട്ടുകള്‍ ജനങ്ങള്‍ക്ക് തന്നെ വേണമെന്നതിന് തെളിവായിരുന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുലിനെതിരെ തന്റെ ആദ്യ മത്സരത്തില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. ഇതാണ് പ്രചോദനമായത്.
ചെളിയില്‍ നിന്നും ധാന്യങ്ങള്‍ പെറുക്കി കഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ വോട്ടുബാങ്കായി കാണാതെ അവര്‍ക്കൊപ്പം സുഹൃത്തും കുടുംബത്തിലെ അംഗവുമൊക്കയായി നിലകൊള്ളുകയാണ് ചെയ്തത്.
രാഷ്‌ട്രീയത്തില്‍ അഭിനയം വേണ്ട. അത്തരത്തില്‍ അഭിനയിച്ചതുകൊണ്ടാണ് കാലങ്ങളായി അമേത്തി പിടിച്ചെടുത്തിരുന്ന കുടുംബത്തിന് പരാജയത്തിന്റെ കയ്‌പ്പ് അറിയേണ്ടി വന്നതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
















