ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കൂടുതല്‍ കാശ്മീരി യുവാക്കള്‍ ഇന്ത്യന്‍ സേനയിലേക്ക്. ജമ്മു കശ്മീരില്‍ നിന്നും 575 ചെറുപ്പക്കാര്‍ ഇന്ത്യന്‍ ആര്‍മിയുടെ ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി (ജെകെഎല്‍ഐ) ബറ്റാലിയനിലാണ് ചേര്‍ന്നത്. . ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി ശനിയാഴ്ച ബാന സിംഗ് പരേഡ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ പാസിംഗ് ഔട്ട് പരേഡിലാണ് എല്ലാവരേയും ആവേശത്തിലാഴത്തി യുവ സൈനികര്‍ പങ്കെടുത്തത്. ലെഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ പരേഡ് അവലോകനം ചെയ്തു. രാജ്യത്തെ സേവിക്കുന്നതില്‍ സ്വദേശവാസികള്‍ക്കുള്ള താല്‍പര്യം സൈനികരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ മനസിലായിയെന്ന് അശ്വനി കുമാര്‍ പറഞ്ഞു.
ഞാന്‍ വളരെ സന്തുഷ്ടനാണ്. എന്റെ മാതാപിതാക്കള്‍ക്ക് അഭിമാന നിമിഷമാണിത്. ശാരീരികമായും മാനസികമായും ധാരാളം കാര്യങ്ങള്‍ ഞങ്ങള്‍ സൈന്യത്തില്‍ പഠിക്കുന്നു. എന്റെ അച്ഛനും സൈന്യത്തിലായിരുന്നു, ഇതാണ് തന്നെ സേനയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്തെന്ന് ശ്രീനഗര്‍ നിവാസിയായ വസീം അഹമ്മദ് മിര്‍ പറഞ്ഞു. യുവ സൈനികരുടെ മാതാപിതാക്കളും ബന്ധുക്കളും സിവില്‍ സൈനികരുമുള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
















