ന്യൂദല്‍ഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍. കേസില്‍ ദല്‍ഹി പോലീസിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്.
തരൂരുമായുള്ള വിവാഹ ബന്ധത്തില്‍ സുനന്ദ വളരെ സന്തോഷവതിയായിരുന്നു, എന്നാല്‍ അവസാന നാളുകളില്‍ സുനന്ദ അസ്വസ്ഥത കാണിച്ചിരുന്നതായും സഹോദരന്‍ ആഷിഷ് ദാസ് കോടതിയില്‍ പറഞ്ഞു. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്നാണ് ഓഗസ്റ്റ് 21 ന് പോലീസ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് സുനന്ദയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 15 ഓളം മുറിവുകളുടെ പാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സി സ്‌പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ കുഹാറിനെ അറിയിച്ചു.
അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം ശശി തരൂരിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. പോലീസ് സമര്‍പ്പിച്ച ചാര്‍ജ്ജ് അതേപടി ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തതെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മരണം ആത്മഹത്യയോ, കൊലപാതകമോ അല്ലായെന്ന മനശാസ്ത്രവിദഗ്ധരുടെ അഭിപ്രായം പ്രോസിക്യൂഷന്‍ വായിച്ചില്ല.
സുനന്ദ പുഷ്‌കറിനെ ശശി തരൂര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊഴിയും ഇല്ല. പ്രത്യേക അന്വേഷണ സംഘം നിരത്തിയ തെളിവുകളുടെ നേര്‍ വിപിരീതമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് ഒക്ടോബര്‍ 17ന് ദല്‍ഹി പട്യാല ഹൗസ് കോടതി വീണ്ടും പരിഗണിക്കും.
















