പാരിസ്: കശ്മീരില്‍ വിഷയത്തില്‍ മധ്യസ്ഥത വേണ്ടെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം നേരിട്ട് അറിയിച്ചു. ജി7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് കശ്മീര്‍ ചര്‍ച്ചാവിഷയമായത്. കശ്മീര്‍ വിഷയം നിയന്ത്രണവിധേയമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും മോദി വ്യക്തമാക്കി. ഇക്കാര്യം ട്രംപും പിന്നീട് വ്യക്തമാക്കി. 1947ന് മുന്‍പ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നു. ഇനിയും അവര്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ ഒറ്റക്കെട്ടായി ചര്‍ച്ച ചെയ്തു തീര്‍ക്കട്ടെ എന്നും ട്രംപ്.
നേരത്തേ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് ഫ്രാന്‍സിന്റെ പിന്തുണ ലഭിച്ചിരുന്നു. ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നാമതൊരാള്‍ പ്രശ്നത്തില്‍ ഇടപെടരുതെന്നും ഫ്രാന്‍സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇന്ത്യ – ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്‍, പ്രശ്നം ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. ഇന്ത്യന്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയില്‍, ഫ്രാന്‍സ് ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചിരുന്നു. മാത്രമല്ല, തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കണമെന്ന മോദിയുടെ ആവശ്യത്തെ മക്രോണ്‍ പ്രസ്താവനയിലൂടെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. പ്രതിരോധ, ടെക്നോളജി രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
















