ലിസ്ബണ്‍: തന്നെ മികച്ച കളിക്കാരനാക്കിയത് ലയണല്‍ മെസിയാണെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലയണല്‍ മെസിയുമായുള്ള ആരോഗ്യകരമായ മത്സരമാണ് തന്നെ മികച്ച ഫുട്‌ബോള്‍ താരമാക്കിയതെന്ന് പോര്‍ച്ചുഗീസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു.
റയല്‍ മാഡ്രിഡിനെ താന്‍ സ്വാധീനിച്ചതുപോലെയാണ് മെസി ബാഴ്‌സലോണയെ സ്വാധീനിച്ചത്. ദീര്‍ഘകാലമായി താനും മെസിയും തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഞാന്‍ ആസ്വദിക്കുന്നു. മെസിയുടെ കരിയറിനെ ആദരിക്കുന്നു. ഞാന്‍ സ്‌പെയിന്‍ വിട്ടുപോയപ്പോള്‍ മെസി നിരാശനായി. ഒരു സംശയവുമില്ല. മെസിയാണ് തന്നെ മികച്ച താരമാക്കിയത്. ഞാന്‍ ട്രോഫികള്‍ നേടുമ്പോള്‍ അത് മെസിക്ക് മനോവിഷമമുണ്ടാക്കും. അതുപോലെ മെസി ട്രോഫികള്‍ വാരിക്കൂട്ടുമ്പോള്‍ തനിക്കും വിഷമമുണ്ടാകും.
പ്രൊഫഷണല്‍ താരങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. പതിനഞ്ചു വര്‍ഷമായി ഈ ബന്ധം തുടരുന്നു. പക്ഷെ ഇതുവരെ ഒരുമിച്ച് ഒരു വിരുന്നില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇതും സംഭവിച്ചേക്കാമെന്ന് റൊണാള്‍ഡോ വെളിപ്പെടുത്തി. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് അര്‍ജന്റീനക്കാരനായ ലയണല്‍ മെസിയും പോര്‍ച്ചുഗീസ് സ്‌ട്രൈക്കറായ റൊണാള്‍ഡോയും. ഇരുവരും അഞ്ചു തവണ വീതം ലോകത്തെ മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
















