ടോക്കിയോ: ഒളിമ്പിക് ടെസ്റ്റ് ഹോക്കിയില്‍ ഇന്ത്യ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ജേതാക്കളായി. പുരഷന്മാരുടെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. വനിതകളുടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ ജപ്പാനെ കീഴടക്കി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, ഷാംഷെര്‍ സിങ്, നിലാകാന്ത ശര്‍മ, ഗുര്‍സാഹബ്ജിത്ത് , മന്‍ദീപ് സിങ് എന്നിവരാണ് ന്യൂസിലന്‍ഡിനെതിരെ ഗോളുകള്‍ നേടിയത്.ഇന്ത്യക്ക് മധുര പ്രതികാരമായി ഈ വിജയം. റൗണ്ട് റോബിന്‍ ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
കലാശപ്പോരാട്ടത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും കരുതലോടെയാണ് കളി തുടങ്ങിയത്. മത്സരം പുരോഗമിച്ചതോടെ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി.
പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം ഷാംഷെര്‍ സിങ് ലീഡ് 2-0 ആയി ഉയര്‍ത്തി. 22-ാം മിനിറ്റില്‍ നിലകാന്ത് ശര്‍മ്മ മൂന്നാം ഗോള്‍ കുറിച്ചു. ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ കൂടി നേടി ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഗുര്‍സാഹിബ്ജിത്ത് സിങ് 26-ാം മിനിറ്റിലും മന്‍ദീപ് സിങ് 27-ാം മിനിറ്റിലും സ്‌കോര്‍ ചെയ്തു.
വനിതകളുടെ ഫൈനലില്‍ നവ്‌ജ്യോത് കൗര്‍, ലാല്‍റെംസിയാനി എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. ജപ്പാന്റെ ആശ്വാസ ഗോള്‍ മിനാമി ഷിമിസുവാണ് സ്‌കോര്‍ ചെയ്തത്.
















