ന്യൂദല്‍ഹി: കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ മറ്റേതെങ്കിലും രാഷ്‌ട്രം ഇടപെടേണ്ട കാര്യമില്ലെന്നും ബംഗ്ലാദേശും ബ്രിട്ടണും. അതിനിടെ കശ്മീരില്‍ മധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രാന്‍സില്‍ വെച്ച് കാണുമെന്നും കശ്മീര്‍ ചര്‍ച്ചചെയ്‌തേക്കാമെന്നും ട്രംപ് പറഞ്ഞു.
കശ്മീര്‍ സങ്കീര്‍ണമായ വിഷയമാണെന്നും കാര്യങ്ങള്‍ സ്‌ഫോടനാത്മകമാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ മോദിയെ കാണുമെന്നും ട്രംപ് പറഞ്ഞു. കശ്മീര്‍ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവന എന്നതും നിര്‍ണായകമാണ്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിരുന്നതായി ട്രംപ് അവകാശപ്പെട്ടത് വിവാദമായിരുന്നു. പിന്നീട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ട്രംപ് പ്രസ്താവന തിരുത്തുകയായിരുന്നു.
















