ടോക്കിയോ: സ്‌ട്രൈക്കര്‍ മന്‍ദീപ് സിങ്ങിന്റെ ഹാട്രിക്കില്‍ ആതിഥേയരായ ജപ്പാനെ മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഒളിമ്പിക് ടെസ്റ്റ് ഹോക്കിയുടെ ഫൈനലില്‍ കടന്നു.
ഇന്ന് കലാശപ്പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും. ലീഗ് മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റിരുന്നു.
ന്യൂസിലന്‍ഡിനെതിരായ തോല്‍വി മറന്ന ഇന്ത്യ ജപ്പാനെതിരെ ഉശിരന്‍ കളിയാണ് പുറത്തെടുത്തത്. ഒമ്പത്, 29, 30 മിനിറ്റുകളില്‍ ഗോള്‍ നേടി മന്‍ദീപ് ഹാട്രിക്ക് കുറിച്ചു. നിലാകാന്ത് ശര്‍മ (മൂന്നാം മിനിറ്റ്), സഞ്ജീവ് സെസ് (7-ാം മിനിറ്റ്), ഗുര്‍ജന്ത് സിങ് (41-ാം മിനിറ്റ്) എന്നിവര്‍ ഓരോ ഗോള്‍ നേടി.
കെന്റാറോ ഫുകുഡ, കെന്റ തനക, കസുമ മുറാറ്റ എന്നിവരാണ് ജപ്പാനുവേണ്ടി ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനാണ് ഒന്നാം സ്ഥാനം.
















