ന്യൂദല്‍ഹി: കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ അഭിപ്രായം വ്യത്യാസം ശക്തമായ സാഹചര്യത്തിലും പാക്കിസ്ഥാനില്‍ പരിപാടി അവതരിപ്പിച്ച് ഇന്ത്യന്‍ ഗായകന്‍. ഇന്ത്യയുമായുള്ള ഗതാഗത സംവിധാനം പോലും റദ്ദാക്കിയാണ് പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സിനിമകളും സാംസ്‌കാരിക പരിപാടികളും പാകിസ്ഥാന്‍ നിരോധിച്ചിരുന്നു. ഇതിനിടെയാണു ഇന്ത്യന്‍ റാപ് ഗായന്‍ മിക സിങ് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ബന്ധുവീട്ടില്‍ വിവാഹപാര്‍ട്ടില്‍ സംഗീത പരിപാടി അവതരിപ്പിച്ചത്. ഒരു കോടി രൂപ പ്രതിഫലം പറ്റിയാണ് മികയും 14 അംഗ ഗ്രൂപ്പും പാക്കിസ്ഥാനില്‍ പോയി പരിപാടി അവതരിപ്പിച്ചത്. രാജ്യതാത്പര്യത്തേക്കാള്‍ പണത്തിനു പ്രധാന്യം നല്‍കിയ മികയ്‌ക്ക് സംഭവം പുറത്തുവന്ന ഉടന്‍ വിലക്കേര്‍പ്പെടുത്തി ആണ് ഇന്ത്യന്‍ സിനിമ ലോകം മറുപടി നല്‍കിയത്. മിക സിംഗിനെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം നിയമ നടപടി നേരിടേണ്ടി വരുമെന്നും ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ഗുപ്ത വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.
കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ, മിക സിംഗ് രാജ്യതാല്‍പര്യത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കിയെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പര്‍വേസ് മുഷറഫിന്റെ കോടീശ്വരനായ ബന്ധുവിന്റെ മകളുടെ വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്ദി പാര്‍ട്ടിയിലാണ് മിക സിംഗ് പരിപാടി അവതരിപ്പിച്ചത്. സംഗീത പരിപാടി ട്വിറ്ററില്‍ വൈറലായി. ഇതോടെ ഇതിനെതിരേ നിരവധി പേര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
















