ന്യൂദല്‍ഹി : ലോക്‌സഭ കക്ഷി നേതാവ് സ്ഥാനത്തേയ്‌ക്ക് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിനെ പരിഗണിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. നിലവിലെ നേതാവായി അധീര്‍ രഞ്ജന്‍ ചൗധരിക്കു പകരമാണ് ശശി തരൂരിനെ പരിഗണിച്ചത്.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാവായിട്ടുപോലും സംസ്ഥാന എംപിമാരില്‍ നിന്നും ആരും ശശി തരൂരിനെ പിന്തുണച്ച് രംഗതെത്തിയില്ല. മറിച്ച് പഞ്ചാബ് രാജസ്ഥാന്‍ ഘടകങ്ങളാണ് അനൂകൂലിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് ചൗധരിയെ മാറ്റുന്ന വിഷയം ചര്‍ച്ചയ്‌ക്കെത്തിയത്. ലോക്‌സഭാ കക്ഷി നേതാവ് എന്ന നിലയില്‍ ചൗധരിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നും അതിനാല്‍ മാറ്റി പുതിയ ആളെ നിയമിക്കണമെന്ന് സച്ചിന്‍ പൈലറ്റാണ് അറിയിച്ചത്. തുടര്‍ന്ന്് രാജസ്ഥാന്‍, പഞ്ചാബ് പിസിസി ശശി തരൂരിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
കശ്മീര്‍ വിഷയത്തിലെ അപക്വമായ പരാമര്‍ശത്തിലൂടെ ചൗധരി കോണ്‍ഗ്രസിനെ വെട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്ന ചൗധരിയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിനെ ഈ പദവിയിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ലോക്‌സഭയില്‍ ബിജെപിയെ ആശയപരമായി നേരിടാന്‍ കൂടുതല്‍ യോഗ്യന്‍ തരൂരാണെന്നാണ് നേതൃത്വം ഇപ്പോള്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ തരൂര്‍ കക്ഷി നേതാവാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി അധീറിനെ തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്തു നിന്നും ഒരു നേതാവിനെ നേതൃപദവിയിലേക്ക് നിര്‍ദ്ദേശിച്ചിട്ടും കേരള എംപിമാര്‍ ഇതിനെ പിന്തുണയ്‌ക്കാത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ശശി തരൂര്‍ വിരുദ്ധ നിലപാടാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനോട് ഇടഞ്ഞു തന്നെയായിരുന്നു. തരൂര്‍ ഇതുസംബന്ധിച്ച് പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ഇടപെട്ട് അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുകയായിരുന്നു.
















