ന്യൂദല്‍ഹി: ഇന്ത്യയുടെ വീരപുത്രന്‍ വ്യോമസേന വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന് വീരചക്ര പുരസ്‌കാരം. സ്വാതന്ത്ര്യദിനത്തില്‍ അഭിനന്ദന് പുരസ്‌കാരം സമ്മാനിക്കും. യുദ്ധമുഖത്തെ ധീരതയ്‌ക്ക് നല്‍കുന്ന പുരസ്‌കാരമാണ് വീരചക്ര (വീര്‍ചക്ര). പരംവീര ചക്ര, മഹാവീര ചക്ര പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണിത്. ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെ ഹീറോ ആയി മാറുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയില്‍ മിസൈല്‍ ഏറ്റ് അഭിനന്ദന്റെ മിഗ് വിമാനം തകരുകയും പാകിസ്ഥാന്റെ പിടിയില്‍ ആകുകയായിരുന്നു.
യുദ്ധവിമാനങ്ങള്‍ പറത്താന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് എല്ലാതരത്തിലും ആരോഗ്യപരമായി അനുയോജ്യനാണെന്നു സര്‍ട്ടിഫിക്കെറ്റ് കഴിഞ്ഞ ആഴ്ച ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കിയിരുന്നു. ഫെബ്രുവരി 26 ന് പുല്‍വാമ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് ബോംബിട്ടത്. തുടര്‍ന്ന് ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ വെടിവച്ചിട്ടിരുന്നു. ആക്രമണത്തില്‍ അഭിനന്ദന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തിരുന്നു.
പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിലും പെരുമാറ്റത്തിലും ആത്മവീര്യം ചോരാതെയാണു വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ രാജ്യത്തിന്റെ അഭിമാനമായത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് വനമേഖലയില്‍ പതിച്ചതിന് പിന്നാലെയാണ് അഭിനന്ദന്‍ പാക് പട്ടാളത്തിന്റെ കൈയില്‍പ്പെടുന്നത്. എന്നാല്‍ തനിക്ക് ഏറ്റ മര്‍ദ്ദനങ്ങള്‍ അഭിനന്ദന്റെ മനസാന്നിധ്യത്തെ തരിമ്പും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അഭിനന്ദന്‍ വര്‍ദ്ധമാന്റെ പുറത്തുവന്ന ദൃശ്യങ്ങള്‍. പാകിസ്ഥാന്‍ കസ്റ്റഡിയില്‍ കൈകള്‍ ബന്ധിച്ചും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലും ധീരവും വ്യക്തവുമായാണ് അഭിനന്ദന്റെ മറുപടികള്‍. പേര് ചോദിക്കുമ്പോള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ എന്നും മറ്റ് വിവരങ്ങള്‍ തിരക്കുമ്പോള്‍ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ധീരമായാണ് അഭിനന്ദന്‍ മറുപടി നല്‍കിയത്. താന്‍ പാക് ആര്‍മിയുടെ പിടിയിലാണോയെന്ന കാര്യം ചോദിക്കാനും അഭിനന്ദന്‍ മടിച്ചില്ല.
ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യക്തമാക്കിയില്ല. പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന് ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടി നല്‍കിവിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു. അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്നാണ് അഭിനന്ദന്റെ വിമാനം പറന്നുയരുന്നത്. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ ശക്തമായ ഇടപെടലില്‍ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് കൈമാറുകയായിരുന്നു. .
















