പരമാത്മാവിന്റെ അംശമായ ജീവാത്മാവ്
അംശാധികരണം തുടരുന്നു.
സൂത്രം മന്ത്രവര്‍ണാച്ച
മന്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാലും ജീവന് ബ്രഹ്മത്തിന്റെ അംശമാണ്.
ഛാന്ദോഗ്യോപനിഷത്തില്‍ ‘ഏതാവാനസ്യ മഹിമാ അതോജ്യായാഗ്ംശ്ച പൂരുഷ: പാദോ/സ്വ സര്വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി’ പ്രപഞ്ചം മുഴുവനും ഈ പുരുഷന്റെ മഹിമയാണ്. എല്ലാ പ്രപഞ്ചത്തേക്കാളും വ്യാപ്തിയുള്ളവനാണ് പുരുഷന്. സകല ജീവജാലങ്ങളും. ചേര്‍ന്നാലും കാല് ഭാഗം മാത്രമേ ആകൂ. മുക്കാല്‍ ഭാഗവും ലോകാതീതമണ്, പ്രകാശമാനമായി മുക്തന്മാര്ക്കുള്ള സ്ഥാനമാണ് എന്ന് പറയുന്നു. ശ്രുതിയുടെ ഈ പ്രഖ്യാപനം കാണുന്നതെല്ലാം ബ്രഹ്മത്തിന്റെ അംശമാണെന്നതിനെ ഉറപ്പിക്കുന്നു. എല്ലാ ജീവന്മാരും ഈശ്വരന്റെ അംശം തന്നെ.
സൂത്രം അപിച സ്മര്യതേ
എന്ന് മാത്രമല്ല സ്മൃതികളിലും അംശമാണെന്ന് പറഞ്ഞിട്ടുണ്ട്.
ശ്രുതിയില്‍ മാത്രമല്ല സ്മൃതിയിലും ജീവന് ഈശ്വരന്റെ അംശമാണ് എന്ന് പറഞ്ഞിട്ടുണ്ട്., ഭഗവദ് ഗീതയില്‍ ‘മമൈവാംശോ ജീവലോകേ ജീവഭൂത സനാതന: ‘ ഈ ജീവലോകത്തില്‍ ജീവനായിത്തീര്‍ന്ന് എന്നും നിലനില്‍ക്കുന്നത് എന്റെ അംശമാണ് എന്ന് ഭഗവാന് പറയുന്നുണ്ട.് അതിനാല്‍ ജീവനും ഈശ്വരനും തമ്മില്‍ അംശാശി ബന്ധമുണ്ട്. ഗീത പത്താം അദ്ധ്യായത്തില്‍ ‘വിഷ്ടഭ്യാഹമിദം കൃത്സനം ഏകാംശേന സ്ഥിതോ ജഗത് ‘ ഈശ്വരന് തന്റെ ഒരംശം കൊണ്ട് ഈ ജഗത്ത് മുഴുവന്‍ നിറഞ്ഞിരിക്കുന്നു എന്ന് പറയുന്നുണ്ട്. ഇതു പോലെ മറ്റ് പല സ്മൃതികളിലും കാണാം. അതിനാല്‍ ജീവാത്മാവ് പരമാത്മാവിന്റെ അംശമാണ്. പൂര്‍ണനായ ഈശ്വരന് അംശമായ ജീവനെ ശാസിക്കുന്നുവെന്ന് സ്വാമി ഭൃത്യ ബന്ധ ഉണ്ടെന്ന പക്ഷക്കാരുടെ അഭിപ്രായത്തില്‍ പറയാവുന്നതാണ്.
സൂത്രം പ്രകാശാദിവന്നൈവംപര:
പ്രകാശാദിവത് ന ഏവം പര:)
പരമാത്മാവ് പ്രകാശം മുതലായതു പോലെയാകയാല്‍ ജീവാത്മാവിനെപ്പോലെയല്ല. പ്രകാശം മുതലായവ ഏതുമായി സ്പര്‍ശിച്ചാലും അതിന്റെ ഗുണദോഷങ്ങളുമായി ബന്ധപ്പെടാതിരിക്കുന്നതല്ലാതെ ഈശ്വരന് ജീവാത്മാവിന്റെ ഗുണദോഷങ്ങളുമായി ബന്ധപ്പെടുന്നില്ല.
ജീവന് ഈശ്വരന്റെ അംശമാണ് എന്ന് വന്നാല്‍ ജീവനുണ്ടാകുന്ന സുഖദുഃഖങ്ങളും സംസാരിത്വവുമെല്ലാം ഈശ്വരനും ഉണ്ടാകുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ശരീരത്തിന്റെ അംശമായിരിക്കുന്ന അവയവങ്ങളായ കൈ, കാല് മുതലായവയ്ക്ക് ഉണ്ടാകുന്ന ദു:ഖം ശരീരത്തെ മുഴുവനോ ആ ആളെയോ ബാധിക്കാറുണ്ട്. അതു പോലെ എല്ലാ ജീവികളും ഈശ്വരാംശമാകയാല്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന ദു:ഖം ഈശ്വരനേയും ബാധിക്കും. അപ്പോള്‍ ഈശ്വരനെ പ്രാപിക്കുന്നവര്‍ക്കും ആ ദു:ഖത്തിന്റെ ഭാഗമാകേണ്ടി വരും. മുക്തി എന്നത് തെറ്റായിത്തീരുമെന്ന് പൂര്‍വപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൂര്‍വപക്ഷത്തിന്റെ വാദങ്ങളൊന്നും ശരിയല്ല എന്ന് സൂത്രത്തില്‍ വ്യക്തമാക്കുന്നു. ജീവന് ദു:ഖമുണ്ടാകുന്നത് പോലെ ഈശ്വരന് ദു:ഖമുണ്ടാകുന്നില്ല. സൂര്യപ്രകാശം, ആകാശം തുടങ്ങിയവ എല്ലാത്തിനോടും ചേര്‍ന്നിരിക്കുന്നുവെങ്കിലും അവയുടെ സുഖദു:ഖങ്ങളില്‍ പങ്കാളിയാകുന്നില്ല. അതുപോലെ ജീവാത്മാവിനും വാസ്തവത്തില്‍ ദു:ഖമില്ല. ഇന്ദ്രിയങ്ങള്‍ മനസ്സ് എന്നിവയുമായി അജ്ഞാനത്താല്‍ താദാത്മ്യം പ്രാപിച്ച് അവയുടെ ദു:ഖം തന്റെ ദു:ഖമാണെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഈശ്വരനില്‍ അവിദ്യ എന്നതിനാല്‍ ഒന്നിനോടും താദാത്മ്യം ഉണ്ടാകില്ല. അധ്യാസം എന്ന തെറ്റിദ്ധാരണ ഉണ്ടാകില്ല. അതിനാല്‍ സുഖമോ ദു:ഖമോ ഉണ്ടാകുകയില്ല. അജ്ഞാനം നീങ്ങി ജ്ഞാനം വരുമ്പോള്‍ ജീവാത്മാവിനും താദാത്മ്യം കൊണ്ടുണ്ടാകുന്ന അധ്യാസമോ സുഖദു:ഖങ്ങളോ ഉണ്ടാകില്ല. അതിനാല്‍ ജീവന്റെ സുഖദു:ഖങ്ങള്‍ ഈശ്വരനെ ബാധിക്കുമെന്ന് സംശയിക്കേണ്ട. ഈശ്വരന്റെ അംശമായ ജീവന് അവിദ്യകൊണ്ടാണ് സംസാരിത്വം ഉണ്ടാകുന്നത്. അവിദ്യ നീങ്ങിയവരാണ് മുക്തന്മാരായുള്ളവര്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: