ന്യൂദല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേത പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതോടെ സംസ്ഥാനത്ത് കാത്തിരിക്കുന്നത് വിദേശ രാജ്യങ്ങളുടെ വന്‍ നിക്ഷേപങ്ങള്‍. കശ്മീരിന്റെ പ്രകൃതിരമണീയത ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. കശ്മീര്‍ നിക്ഷേപസൗഹൃദമാകുമെന്ന സൂചന നല്‍കി പല രാജ്യങ്ങളും ഇവിടെ നിക്ഷേപത്തിന് തയാറെടുക്കുകയാണ്. ഇതേത്തുടര്‍ന്ന് അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍ വ്യക്തമാക്കി കഴിഞ്ഞു. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കോല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍. കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. 1,441 ജപ്പാന്‍ കമ്പനികളാണ് ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.
















