കൊല്‍ക്കത്ത: ബിഫൂം പോര്‍ക്കും അടങ്ങിയ ഭക്ഷണം എത്തിച്ചു നല്‍കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്തയിലെ സൊമാറ്റോ ജിവനക്കാര്‍. ബീഫും പോര്‍ക്കും ഡെലിവറി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോയിലെ ജീവനക്കാരുടെ പരാതി. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അവര്‍ എഎന്‍ഐ വാര്‍ത്താ ഏജന്സിയോട് പറഞ്ഞു. കൊല്‍ക്കത്തയില്‍ സൊമാറ്റോ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും നടത്തി.
ബീഫ് വിഭവങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താല്‍പര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പോര്‍ക്ക് വിഭവങ്ങള്‍ എത്തിക്കാന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും തയ്യാറല്ല. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ കമ്പനി തയ്യാറല്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇഷ്ടമില്ലെങ്കില്‍പ്പോലും ബീഫും പോര്‍ക്കും വിതരണം ചെയ്യേണ്ടിവരുന്നു. എന്നാല്‍, ഇനിയും അത് തുടരാന്‍ തയ്യാറല്ലെന്ന് മൗസിന്‍ അക്തര്‍ എന്ന ജീവനക്കാരന്‍ വാര്ത്താ ഏജന്സിയോട് പറഞ്ഞു.
മതവികാരം വൃണപ്പെടുന്ന തരത്തിലുള്ള ഇടപെടലാണ് കമ്പനി നടത്തുന്നതെന്നും അവര്‍ വിമര്‍ശിക്കുന്നു. കൊല്‍ക്കത്തയിലെ ഹോട്ടല്‍ അടുത്തിടെ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ ഭീഷണി സന്ദേശങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഭക്ഷണം വിതരണം ചെയ്യാനെത്തിയ ആള്‍ ഹിന്ദുവല്ല എന്നതിനാല്‍ മധ്യപ്രദേശില്‍ ഒരാള്‍ അടുത്തിടെ സൊമാറ്റോ ഓഡര്‍ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അയാള്‍ക്ക് കര്‍ശന താക്കീത് നല്‍കിയിരുന്നു. പിന്നാലെയാണ് ബീഫും പോര്‍ക്കും വിതരണം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സൊമാറ്റോ ജവനക്കാരുടെ പ്രതിഷേധം.
















