ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ രാജതേര്‍വാഴ്ചക്കെതിരെ തുറന്നടിച്ച് ബിജെപി വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. രാജപരമ്പര രാഷ്‌ട്രീയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ ജനങ്ങള്‍ ബഹിഷ്‌കരിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇനിയും പാഠം പടിച്ചിട്ടില്ല, അവര്‍ ഇപ്പോഴും രാഹുലും സോണിയയും പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ചൗഹാന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഒരു കുടുംബത്തിനപ്പുറത്തേക്ക് നീങ്ങാന്‍ കഴിയുന്നില്ല, എന്നാല്‍ ബിജെപിയില്‍ സ്വാഭാവികമായും നേതാക്കള്‍ വളര്‍ന്നു വരുന്നു. കോണ്‍ഗ്രസ് ഇനിയും പഠിക്കാന്‍ തയാറല്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പാര്‍ട്ടിയെ നയിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നത് ആശ്ചര്യകരമാണെന്നും ചൗഹാന്‍ പറഞ്ഞു.
ഇപ്പോള്‍ എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ഇടക്കാല പാര്‍ട്ടി അധ്യക്ഷയായി സോണിയയെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നു. എവിടെയെല്ലാം രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭരണം രാജ, കുടുംബ വാഴ്ചകള്‍ കൈയ്യടക്കിയോ അവിടെയെല്ലാം പരാജയമാണ് ഫലം.
ഉത്തര്‍പ്രദേശിലും ബീഹാറിലേയും പൊതു തെരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണ്. ഇതിനുപുറമെ പശ്ചിമബംഗാളിലെ പ്രീണനത്തെ തള്ളി ജനങ്ങള്‍ ദേശീയതയും വികസനത്തെയും തെരഞ്ഞെടുത്തുവെന്നും ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യരീതിയില്‍ നേതാക്കളെ തെരഞ്ഞെടുക്കുന്നത് പരാജയപ്പെട്ടാല്‍ ആര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും ചൗഹാന്‍ വ്യക്തമാക്കി.
















