ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുമാറ്റി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപന പരമായ ഒരു നടപടിയും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.
ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ്. ഇതിന് പിന്തുണയക്കുന്നതായും റഷ്യ അറിയിച്ചു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി ഇന്ത്യയുടെ ഭാഗമാക്കി സംസ്ഥാന പദവിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈ തീരുമാനത്തില്‍ പ്രകോപനം ഒന്നും ഉണ്ടാക്കാതെ പ്രദേശത്ത് ശാന്തത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്‌ക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്‌നങ്ങള്‍ സാധാരണഗതിയില്‍ ആക്കുന്നതിന് റഷ്യയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിന് സ്വയം ഭരണ ശേഷി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് കഴിഞ്ഞ തിങ്കളാഴ്ച രാജ്യസഭയും പിന്നീട് ലോക്‌സഭയും അംഗീകാരം നല്‍കിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശ പദവി നല്‍കിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.
















