ന്യൂദല്‍ഹി: പാക്ക് സിനിമ താരങ്ങളെയും സിനിമകളെയും വിലക്കണമെന്ന് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്തയച്ചു.സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ ഗുപ്തയാണ് കത്തയച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം പാക്കിസ്ഥാന്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ അഭിനേതാക്കള്‍, സംഗീതജ്ഞര്‍ എന്നിങ്ങനെ പാക്ക് സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും നിരോധിക്കണം. പൂര്‍ണ്ണമായ പാക്കിസ്ഥാന്‍ നിരോധനമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കത്തിലൂടെ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
കശ്മീര്‍ വിഭജിച്ച് പ്രത്യേകാധികാരം റദ്ദു ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കശ്മീരികളെ പ്രകോപിപ്പിച്ച് പാക്കിസ്ഥാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ധീരമായ ഒരു തീരുമാനമെടുത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കുന്നു. കത്തില്‍ പറയുന്നു.
ഇന്ത്യയുമായുള്ള എല്ലാവിധ സാംസ്‌കാരിക വിനോദ കൈമാറ്റങ്ങള്‍ക്കും പാക്കിസ്ഥാന്‍ ഇന്നലെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ സംയുക്ത സംരംഭങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാവിധ പരിപാടികളും പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) നിര്‍ത്തിവച്ചു. ഇതിനു പുറമെ ഇന്ത്യന്‍ ഡിടിഎച്ച് ഉപകരണങ്ങള്‍ വില്‍ക്കുന്നത് തടയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാടകം, സിനിമ, തുടങ്ങി ഇന്ത്യന്‍ സംസ്‌കാരം അടങ്ങുന്ന പരിപാടികള്‍ക്കെല്ലാം പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















