ട്രിനിഡാഡ് ആന്‍ഡ് ടോബാഗോ: വിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ശുഭ്മന്‍ ഗില്‍ വിന്‍ഡീസ് മണ്ണില്‍ ചരിത്രം കുറിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഗില്‍ സ്വന്തമാക്കി.
വിന്‍ഡീസ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് പത്തൊമ്പതുകാരനായ ഗില്‍ റെക്കോഡിട്ടത്. 250 പന്തില്‍ 204 റണ്‍സുമായി അജയ്യനായി നിന്നു.
2002ല്‍ ഗൗതം ഗംഭീര്‍ കുറിച്ചിട്ട റെക്കോഡാണ് മറികടന്നത്. അന്ന്് സിംബാബ്‌വെക്കെതിരെ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടി ഗംഭീര്‍ 218 റണ്‍സ് എടുത്തു. റെക്കോഡിടുമ്പോള്‍ ഗംഭീറിന് പ്രായം ഇരുപത്.
മൂന്ന് വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യ എയ്‌ക്കായി ഗില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്‍സെന്ന സ്‌കോറിനാണ് ഗില്‍ ഇന്നിങ്ങ്‌സ് തുടങ്ങിയത്. ക്യാപ്റ്റന്‍ ഹനുമ വിഹാരി ഗില്ലിന് ഉറച്ച പിന്തുണ നല്‍കി. 118 റണ്‍സുമായി വിഹാരിയും കീഴടങ്ങാതെ നിന്നു. അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 315 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഗില്‍ 19 ഫോറും രണ്ട് സിക്‌സറും പൊക്കിയാണ് 204 റണ്‍സ് നേടിയത്. 82.25 ശതമാനമാണ് ശരാശരി. വിഹാരി പത്ത് ഫോറും ഒരു സിക്‌സറും അടിച്ചു.
ഗില്‍ ഇരട്ട ശതകം കുറിച്ചതിന് പിന്നാലെ ഇന്ത്യ എ നാലിന് 365 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ വിന്‍ഡീസിന്റെ വിജയലക്ഷ്യം 373 റണ്‍സായി. കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് എ മൂന്നാം നാള്‍ സ്‌റ്റെമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ് എടുത്തിട്ടുണ്ട്.
ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ഇന്ത്യ എ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ എ 201, നാല് വിക്കറ്റിന് 365, വിന്‍ഡീസ് എ 194, വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ്.
















