തൃശൂര്‍ : യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനെയാണ് ഇന്ന് പുലര്‍ച്ചെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച് തട്ടിക്കൊണ്ടുപോയത്. ഭാര്യയോടൊപ്പം ഗുരുവായൂരിലേക്ക് കാറില്‍ പോകുമ്പോഴാണ് സംഭവം.
അക്രമികളുടെ മര്‍ദ്ദനത്തില്‍ നിഷാദിന്റെ ഭാര്യയ്‌ക്ക് പരിക്കേറ്റത്തിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച് കാറിലെത്തിയ സംഘമാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് നിഷാദിന്റെ ഭാര്യ പറഞ്ഞു. നിഷാദ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ് ‘ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് റിലീസ് ചെയ്തത്.
ഇവര്‍ പാവറട്ടിയെത്തുന്നതിനിടയില്‍ കാറിലെത്തിയ അക്രമി സംഘം നിഷാദും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നു തടഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദിച്ചു അവശനാക്കിയ ശേഷം നിഷാദിനെ അക്രമി സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയി. ഭാര്യയാണ് വിവരം വീട്ടുകാരെയും സുഹൃത്തുകളെയും അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത് പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
നിരവധി ഹൃസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികള്‍ക്കും സംവിധാനം നിര്‍വഹിച്ച നിഷാദ് ഇതാദ്യമാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ രണ്ടര മണിക്കൂര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന യു.ആര്‍.എഫ് റെക്കോര്‍ഡ് ‘വിപ്ലവം ജയിക്കാനുള്ളത് ‘ എന്ന സിനിമ സ്വന്തമാക്കിയിരുന്നു. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനെയും തര്‍ക്കം ബാധിച്ചിരുന്നു. ഇതാവാം സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
















