നമുക്കിനി അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലേക്കു വരാം. ഉത്തരരാമായണം രണ്ടാമധ്യായത്തില്‍ നാരദമഹര്‍ഷിയെ കണ്ടുമുട്ടിയ രാവണന് മൂന്നുലോകത്തിലേയും വിശേഷങ്ങള്‍ ചോദിക്കുന്നു. അതുകേട്ട് മുനിപറയുന്നു. ഞാനെന്തുപറയാനാണ്. അങ്ങ് യമനെ ജയിച്ചില്ലല്ലോ. എന്നെ ജയിക്കാന്‍ വരട്ടെ അവനെകൊന്ന് ഞാന്‍ നരകത്തിലിടും എന്ന് യമന്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ വേഗംചെന്ന് യമനെ ജയിക്കാന്‍നോക്ക്. ഇതുകേട്ട് ക്രുദ്ധനായ രാവണന് പുഷ്പകവിമാനത്തില്‍ കയറി യമലോകത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. നരകത്തിലെത്തിയ രാവണന് അവിടെയെത്തുന്നവരെ പലതരത്തില്‍ ശിക്ഷിക്കുന്നതുകാണുന്നു.
കാലസൂത്രം അസിതപത്രവനം, ശൂലപ്രോതം, വൈതരണി എന്നീ നരകങ്ങളില്‍ ഓരോരോ പാപംചെയ്തവരെയിട്ട് ക്ലേശിപ്പിക്കുന്നു. ചിലരെ നായും നരിയും കടിച്ചുവലിക്കുന്നു. ചിലരെ കൃമികള്‍ കടിച്ചുകീറുന്നു. ചുട്ടമണലുള്ള മരുഭൂമിയിലൂടെ ചിലരെ മുട്ടിലിഴയിക്കുന്നു. ചിലര്‍ ഇരുട്ടുമുറിയില്‍ അഗാധമായ കുഴികളില്‍ വീണും ചിലര്‍ ഘോരസമുദ്രത്തില്‍ വീണ് വെള്ളം കുടിക്കുന്നു. തീയില്‍ കിടന്ന് വെന്തുനീറി വെള്ളംതായോയെന്ന് ചിലര്‍ നിലവിളിക്കുന്നു. സര്‍പ്പം കടിച്ചും തേള്‍കുത്തിയും ചിലര്‍ പാരം ദുഃഖിച്ച് അലമുറയിടുന്നു. ചിലരെ ചെമ്പുകൊണ്ടുള്ള രൂപമുണ്ടാക്കി അതു ചുട്ടുപഴുപ്പിച്ച് പോന്‍നിറമുള്ള ഇവളെ നീ ആലിംഗനം ചെയ്തില്ലേ ഇപ്പോള്‍ ഇതിനെ കെട്ടിപ്പിടിക്കൂവെന്നുപറഞ്ഞ് അതിനെ ആലിംഗനം ചെയ്യിക്കുന്നു. ചിലരെ വലിയ കുന്നിന്മുകളില് കയറ്റിയിട്ട് കീഴ്പോട്ടുരുട്ടുന്നു. ചിലരുടെ ദേഹത്ത് ആരെയ്യുന്നുവെന്നറിയാതെ അമ്പുകള്‍ വന്നു കുത്തിക്കേറുന്നു. ചിലരെ ഉയരമുള്ള കുന്നിന്മുകളില് കേറ്റിയിട്ട് താഴേക്കു വലിച്ചെറിയുന്നു.
ചിലരുടെ വായില്‍ ഈയം ഉരുക്കിയൊഴിക്കുന്നു. ചിലര്‍ മലംമൂത്രം കഫം തുടങ്ങിയവ കെട്ടിക്കിടക്കുന്ന പുഴയില്‍ തള്ളിയിട്ട് അതിലെ ജലം കുടിപ്പിക്കുന്നു. ചിലര്‍ അനേകം നാള് ശൂലത്തില്‍ കിടന്നു നരകിക്കുന്നു. ചിലരെ കാലഭടന്മാര്‍ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നു. ചുട്ടകൊടില്‍കൊണ്ടു ഞെക്കുന്നു. ചിലരെ കാകനും കഴുകനും കൂര്‍ത്തകൊക്കുകൊണ്ടു കൊത്തിവലിക്കുന്നു. ചിലരെ അതിക്രൂരന്മാരായ എഴുന്നൂറ്റിയിരുപത് നായ്ക്കള്‍ രൂക്ഷതയോടെ കടിച്ചുവലിക്കുന്നു. ചിലരെ രാക്ഷസന്മാര് വാള്‍കൊണ്ടു വെട്ടിക്കൊന്നു ചോരകുടിക്കുന്നു. ചിലരെ ശ്വാസംമുട്ടിച്ച് ദുഃഖിപ്പിക്കുന്നു. മുള്ളില്‍ കൂടി വലിച്ചുകൊണ്ടുപോയി നിലവിളിപ്പിക്കുന്നു. ഇങ്ങനെ അറ്റമില്ലാത്ത നരകങ്ങളില്‍ കിടന്ന് നരകമനുഭവിക്കുന്നവരെകണ്ട് രാവണന് കാരുണ്യമുണ്ടായി. അവരെ പലരെയും ആ നരകങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി.
രാവണന്റെ ഈ പ്രവൃത്തികള്‍ കണ്ട് യമഭടന്മാര് യമനെ വിവരം അറിയിച്ചു. യമന്‍ തന്റെ ഭടന്മാരെ അങ്ങാട്ടയച്ചു. പിന്നീട് രാവണസൈന്യവും യമഭടന്മാരും തമ്മില്‍ ഘോരയുദ്ധം നടന്നു.യമഭടന്മാര് പരാജിതരായപ്പോള്‍ മൃത്യുവിന്റെ അകമ്പടിയോടെ യമന്‍ തന്നെ രാവണനെ എതിരിടാന്‍ വന്നു. യമനും രാവണനും തമ്മില്‍ ഘോരയുദ്ധം നടന്നു. മുത്യുവിന്റെ ചൂടേറ്റ് രാക്ഷസസൈന്യം ഒട്ടുമുക്കാലും മൃത്യുവിനു വശഗതരായി. രാവണനെ കൊന്നുകളയാന്‍ മൃത്യുനിശ്ചയിച്ചു. ആ സമയത്ത് ബ്രഹ്മദേവന് പ്രത്യക്ഷപ്പെട്ട് രാവണനെ കൊല്ലരുതെന്ന് പറഞ്ഞു. താന്‍ കൊടുത്തവരം സത്യമാകണമെങ്കില്‍ ദേവന്മാരാരും രാവണനെ കൊല്ലരുത്. ബ്രഹ്മദേവന്റെ നിര്‍ദ്ദേശം പാലിച്ച് യമന്‍ യുദ്ധം നിറുത്തി. താന്‍ മുത്യുവിനെ ജയിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചുകൊണ്ട് രാവണനും സൈന്യവും മടങ്ങിപ്പോയി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: