കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം, പാലക്കാട്, തൃശൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ ആലപ്പുഴയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് എറണാകുളം ക്വാര്‍ട്ടറിലെത്തിയത്
24-ാം മിനുറ്റില്‍ അഭിജിത് ടി.ജിയാണ് എറണാകുളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 54-ാം മിനുറ്റില്‍ പി.എ നദീം എറണാകുളത്തിന്റെ ലീഡുയര്‍ത്തി. 57, 90 മിനുറ്റുകളില്‍ ഗോള്‍ നേടി അഭിജിത് ചന്ദ്രന്‍ എറണാകുളത്തിന്റെ വിജയം ഉറപ്പിച്ചു.
കൊല്ലത്തെ തോല്‍പ്പിച്ചാണ് പാലക്കാട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്‌കോര്‍. കളിയുടെ തുടക്കത്തില്‍ മുഹമ്മദ് പാറേക്കാട്ടില്‍ ആണ് പാലക്കാടിന് ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ തന്നെ കെ.ഷബീറിലൂടെ തിരിച്ചടിച്ച് കൊല്ലം സമനില പിടിച്ചു. വൈകിട്ട് നടന്ന മത്സരത്തിലും കണ്ണൂരിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു (3-2) തൃശൂരിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലപ്പുറമാണ് തൃശൂരിന്റെ എതിരാളികള്‍. എറണാകുളവും പാലക്കാടും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍. വൈകിട്ട് 4.30ന് ആദ്യ സെമിഫൈനലില്‍ കോട്ടയം ഇടുക്കിയെ നേരിടും.
















