ന്യൂദല്‍ഹി: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ ധോണിയെ ഏഴാമനായി ഇറക്കിയത് തന്റെ മാത്രം തീരുമാനമല്ലെന്ന്് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍. മാഞ്ചസ്റ്ററില്‍ രണ്ട് ദിവസമായി നടന്ന സെമിയില്‍ ഇന്ത്യ തോറ്റു.
പത്ത് ഓവറില്‍ ഇന്ത്യയുടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ 24 റണ്‍സിന് പുറത്തായ മത്സരത്തില്‍ ധോണിയും (50) രവീന്ദ്ര ജഡേജയും 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നല്‍കിയെങ്കിലും ഒടുവില്‍ 18 റണ്‍സിന് ഇന്ത്യ തോറ്റു. ധോണിയെ ഏഴാമനായാണ് ഇറക്കിയത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക് പാണ്ഡ്യക്കും പിന്നാലെയാണ് ധോണിയെ കളത്തിലിറക്കിയത്. കാര്‍ത്തിക് അഞ്ചാമനായി ഇറങ്ങി.
ധോണിയെ ഏഴാമനായി ഇറക്കിയതിന് ഞാനാണ് പഴികേള്‍ക്കുന്നത്. പക്ഷെ ഇത് എന്റെ മാത്രം തീരുമാനമല്ല. ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തിയതിനുശേഷം കൂട്ടായെടുത്ത തീരുമാനമാണിതെന്ന് ബംഗാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുശേഷം ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍ താഴ്‌ത്താന്‍ തീരുമാനിച്ചിരുന്നതായി ധോണി സെമിഫൈനലിനുശേഷം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 35-ാം ഓവര്‍ മുതല്‍ ധോണിക്ക് സ്‌കോറിങ്ങ് ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍ താഴ്‌ത്തിയത്. കൂട്ടായ ചര്‍ച്ചകള്‍ക്കുശേഷമാണ് കാര്‍ത്തിക്കിന് സ്ഥാനക്കയറ്റം നല്‍കിയത്. ഡെത്ത് ഓവറുകളില്‍ ധോണിക്ക് കത്തിക്കയറാന്‍ അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് കാര്‍ത്തിക്കിന് സ്ഥാനക്കയറ്റം നല്‍കിയത്.
ധോണിയെ ഏഴാമനായി ഇറക്കിയത് ടീമിന്റെ തീരുമാനമായിരുന്നെന്ന് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായശേഷം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു.
















