ലക്‌നൗ: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാകുന്ന നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ രാജ്യത്ത് വീണ്ടും മുത്വലാഖ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹപൂരിലാണ് ഭര്‍ത്താവ് ഭാര്യയെ മുത്വലാഖ് ചൊല്ലിയതായി വാര്‍ത്തവന്നിരിക്കുന്നത്. മുത്വലാഖ് ചൊല്ലിയതിനൊപ്പം ആറു കുട്ടികളേയും തന്നെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി ഭാര്യ സീമ പോലീസില്‍ പരാതി നല്‍കി.
വീട്ടു ചെലവിനുള്ള പണം ആവശ്യപ്പെട്ടതാണ് ഭര്‍ത്താവായ സജിദ് മുത്വലാഖ് ചൊല്ലാന്‍ കാരണമെന്നും എപ്പോള്‍ പണം ചോദിച്ചാലും വീട്ടില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്നും സീമ പരാതിയില്‍ പറയുന്നു. എന്നാല്‍ വഴക്കിനിടയില്‍ മൊഴി ചൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും സീമ പരാതിയില്‍ പറയുന്നു.
അതിനിടെ മുത്വലാഖ് ചൊല്ലിയെന്നും തന്നേയും 6 കുട്ടികളേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതി ലഭിച്ചതായും ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് ഈ പരാതി കൈമാറിയതായും ഹപൂര്‍ എസ്പി യഷ്‌വീര്‍ സിംഗ് പറഞ്ഞു.
’14 വര്‍ഷത്തെ വിവാഹ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ 6 കുട്ടികളെ വളര്‍ത്താന്‍ എല്ലാ മാസവും സജിദിനോട് പണം ചോദിക്കാറുണ്ട്. പക്ഷേ എപ്പോഴൊക്കെ പണം ചോദിച്ചാലും വീട്ടില്‍ വഴക്കുണ്ടാകാറാണ് പതിവ്. ഒരു വീട്ടമ്മയായ ഞാന്‍ എങ്ങനെയാണ് കുട്ടികളെ നോക്കുക? പണം ചോദിച്ചതിനാണ് എന്നെ എന്റെ സഹോദരന്റെ മുന്നില്‍ വെച്ച് തലാഖ് ചൊല്ലിയത്’. സീമ പറഞ്ഞു.
















