ജെയ്‌പൂര്‍: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് വീണ്ടുമെത്തിക്കാന്‍ കെണഞ്ഞ് പരിശ്രമിച്ച് കോണ്‍ഗ്രസ്. അസമില്‍നിന്ന് കഴിഞ്ഞ തവണ രാജ്യസഭയിലേക്കെത്തിയ മന്‍മോഹന്‍ സിങ്ങിന്റെ കാലാവധി ജൂണ്‍മാസത്തില്‍ അവസാനിച്ചിരുന്നു. ഇതോടെയാണ് ഇത്തവണ രാജ്യസഭയിലേക്ക് എത്തിക്കാന്‍ നീക്കം.
അസമില്‍നിന്ന് അഞ്ചുവട്ടം രാജ്യസഭയിലെത്തിയ സിങ്ങിന്റെ കാലാവധി ജൂണ്‍ പതിന്നാലിനാണ് അവസാനിച്ചത്. ബിജെപി നേതാവായ മദന്‍ ലാല്‍ സെയ്നിയുടെ മരണത്തെ തുടര്‍ന്നാണ് രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നിരിക്കുന്നത്.
ഈ മാസം ഏഴിന് വിജ്ഞാപനം പുറത്തുവരും. 14നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 26നാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് നടക്കുക.
സമാജ് വാദി പാര്‍ട്ടി എംപിയായിരുന്ന നീരജ് ശേഖര്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരു രാജ്യസഭാ സീറ്റിലും ഒഴിവു വന്നിട്ടുണ്ട്. രാജസ്ഥാനില്‍ 10 രാജ്യസഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ ഒമ്പത് സീറ്റും നിലവില്‍ ബിജെപിക്കാണ്.
















