ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ മധ്യസ്ഥതയ്‌ക്ക് തയാറാണെന്നും മധ്യസ്ഥത വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നരേന്ദ്രമോദിയാണെന്നും യുഎസ് പ്രസിഡന്റ് ട്രൊണാള്‍ഡ് ട്രംപ് പറഞ്ഞു .പിന്നാലെ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് തുറന്നടിച്ച് ഇന്ത്യ നിലപാടറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നാണ് ജയശങ്കര്‍ പോംപിയോയെ അറിയിച്ചത്.
ഇന്ത്യ-പാക്ക് പ്രശ്‌നത്തിലിടപെടാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് അറിയിച്ചിരുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെന്നാണ് ട്രംപ് ഇമ്രാനെ അറിയിച്ചത്. എന്നാല്‍ ഇത് ഇന്ത്യ തള്ളിയിരുന്നു.
ഇമ്രാന്‍ ഖാന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്. അപ്പോള്‍ വിഷയം നരേന്ദ്ര മോദി നേരത്തെ തന്നെ തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി ട്രംപ് പറഞ്ഞു. ഇത് വിവാദമായതോടെ യുഎസ് ഭരണകൂടം ട്രംപിന്റെ പ്രസ്താവന തിരുത്തി.കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നും ഇരുരാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാന്‍ തയാറായാല്‍ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘര്‍ഷം കുറയ്‌ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നല്‍കാന്‍ യുഎസ് തയാറാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിരുന്നു.
പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നാണു പ്രഖ്യാപിത നിലപാടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും പറഞ്ഞിരുന്നു.
















