ന്യൂദല്‍ഹി : അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍ പരിഗണിക്കും. തര്‍ക്ക ഭൂമി സംബന്ധിച്ച് രാംന്യാസും സുന്നി വഖഫ് ബോര്‍ഡുമായി മധ്യസ്ഥ സമിതി നടത്തിയ ചര്‍ച്ചയുടെ റിപ്പോര്‍ട്ടാണ് ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
മൂന്നംഗ മധ്യസ്ഥ സമിതി 155 ദിവസമാണ് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയത്. അതിനിടെ മധ്യസ്ഥ ചര്‍ച്ച നിര്‍ത്തി കേസില്‍ സുപ്രീംകോടതി വാദം കേട്ട് അന്തിമ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് കേസിലെ സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷിക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് മധ്യസ്ഥ സമിതിയോട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും വ്യാഴാഴ്ച ഇത് മുദ്ര വെച്ച കവറില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഭൂമി തര്‍ക്ക കേസില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച സമവായത്തില്‍ എത്തിയില്ലെന്നാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
മധ്യസ്ഥ സമിതിയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കേസില്‍ അന്തിമ വാദത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും. റിട്ടയേര്‍ഡ് ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരെ കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ചത്.
















