മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി ഓഡി കപ്പ് ഫുട്‌ബോള്‍ കിരീടം ടോട്ടനത്തിന്. ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ ടോട്ടനം ബയേണിനെ തകര്‍ത്തത്. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരം നിശ്ചിത സമയത്ത് 2-2ന് സമനിലയില്‍ കലാശിച്ചു.
തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിലെ ഏഴ് കിക്കുകളില്‍ ടോട്ടനം ആറെണ്ണം വലയിലെത്തിച്ചപ്പോള്‍ ബയേണിന് അഞ്ച് ഗോളുകള്‍ മാത്രമേ നേടാനായുള്ളൂ. അവരുടെ ഡേവിഡ് അലാബയുടെയും ജെറോം ബോട്ടെങ്ങിന്റെയും കിക്കുകള്‍ പാഴായി. ടോട്ടനത്തിന്റെ എറിക്‌സന്റെ സ്‌പോട്ട് കിക്കാണ് പാഴായത്.
കളിയുടെ 19-ാം മിനിറ്റില്‍ എറിക് ലമേലയുടെ ഗോളില്‍ ടോട്ടനം ആദ്യം മുന്നിലെത്തി. തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ സമനിലയ്‌ക്കായി ബയേണ്‍ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിട്ടും സമനില ഗോള്‍ വിട്ടുനിന്നു. പിന്നീട് 59-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഗോളില്‍ ടോട്ടനം വീണ്ടും ലീഡ് ഉയര്‍ത്തി. എന്നാല്‍ ശക്തമായി തിരിച്ചു വന്ന ബയേണ്‍ 61-ാംമിനിറ്റില്‍ ജാന്‍ ഫിയറ്റിന്റെയും 81-ാം മിനിറ്റില്‍ അല്‍ഫോണ്‍സോ ഡേവിസിന്റെയും ഗോളിലൂടെ സമനില പിടിച്ചു. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്.
















