കൊല്‍ക്കത്ത : ശാരദ ചിട്ടിക്കമ്പനിയില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് കേസില്‍ ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ സതാപ്തി റോയി. ശാരദ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരിക്കേ കൈപ്പറ്റിയ പണം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ബോളീവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം സതാപ്തി റോയിയും ശാരദ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ഉടമ സുദീപ്ത സെന്‍ അതിന് പ്രതിഫലമായി നല്‍കിയിരുന്നത്.
ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മിഥുന്‍ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കമ്പനിയില്‍ നിന്നു പ്രതിഫലം ഇനത്തില്‍ കൈപ്പറ്റിയ തുക തിരിച്ചു നല്‍കാമെന്ന് മിഥുന്‍ ചക്രവര്‍ത്തിയും ഉദ്യോഗസ്ഥരോട് താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ക്കായി സതാപ്തി റോയി ഉള്‍പ്പടെ ആറ് ടിഎംസി നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കുനാല്‍ ഘോഷിനേയും കേസന്വേഷണവുമായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാന്‍ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് സതാപ്തി റോയി ആവശ്യപ്പെട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
അതിനിടെ മറ്റൊരു ടിഎംസി നേതാവായ ദേരക് ഒബ്രിയോണിനും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചിട്ടുണ്ട്. 2013 ഏപ്രിലിലാണ് ശാരദ ചിട്ടിക്കമ്പനി തകരുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ സുദീപ്ത സെന്നിനെ ഏപ്രില്‍ 20ന് കശ്മീരില്‍ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ അനുയായി ദെബ്ജാനി മുഖര്‍ജിയും ഇതോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.
















