കൊച്ചി: ബ്രസീല്‍ താരം ബ്രൂണോ പെല്ലിസാരി ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്‌സിയില്‍ ചേര്‍ന്നു. പെല്ലിസാരിയുമായി കരാര്‍ ഒപ്പിട്ടതായി ഗോകുലം ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച് പരിചയമുള്ള താരമാണ് ഈ മധ്യനിരക്കാരന്‍. ചെന്നൈയിന്‍ എഫ്‌സി, ദല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഐഎസ്എല്‍ ഫൈനലില്‍ എഫ്‌സി ഗോവക്കെതിരെ ചെന്നൈക്കായി ഗോള്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ 35 മത്സരങ്ങള്‍ കളിച്ചു. ഏഴു ഗോളും നേടി.
അസാമാന്യ കഴിവുകളുള്ള കളിക്കാരനാണ് പെല്ലിസാരി. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മിടുക്കനാണെന്നും ഗോകുലം കോച്ച് ഫെര്‍ണാന്‍ഡോ സാന്റിയാഗോ വറേല പറഞ്ഞു.
ഞാന്‍ ഐഎസ്എല്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച നന്നായി അറിയാം. ഐ ലീഗ് നല്ലൊരു അവസരമാണ്. ക്ലബ്ബിനായി മികവ് കാട്ടാമെന്നാണ് വിശ്വാസമെന്ന് പെല്ലിസാരി പറഞ്ഞു.
കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഗോകുലം ടീമിനൊപ്പം പരിശീലനം നടത്തിവരുകയാണ് പെല്ലിസാരി. കൊല്‍ക്കത്തയില്‍ നടക്കുന്ന ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ ഗോകുലം നാളെ യാത്രതിരിക്കും. ട്രാവു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, ഇന്ത്യന്‍ ആര്‍മി എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പിലാണ് ഗോകുലം. ഡ്യൂറന്റ് കപ്പില്‍ ഗോകുലത്തിന്റെ ആദ്യ മത്സരം ഹൗറ സ്‌റ്റേഡിയത്തില്‍ ആഗസ്ത് എട്ടിന് നടക്കും.
ബ്രൂണോയ്‌ക്ക് പുറമെ ഹെന്റി, മെറ്റീനി, അശോക് സിങ്, മുഹമ്മദ് സല, അലക്‌സ് സജി, ലാല്‍റോമാവിയ എന്നീവരും ഈ സീസണില്‍ ഗോകുലവുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.
















