കാഞ്ഞങ്ങാട്: മുപ്പതാമത് നവോദയ സ്‌കൂള്‍ ദേശീയ കായികമേള കാസര്‍കോട് ജില്ലയിലെ പെരിയ നവോദയ വിദ്യാലയത്തില്‍ ആഗസ്ത് 11, 12, 13 തീയതികളില്‍ നടക്കും. ഈ കായിക മേള ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. ക്ലസ്റ്റര്‍, റീജിനല്‍ മത്സരങ്ങളില്‍ വിജയിച്ച കായിക താരങ്ങളാണ് ദേശീയ മേളയില്‍ പങ്കെടുക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭോപ്പാല്‍, ചണ്ഡീഗഡ്, ജയ്‌പൂര്‍, ഹൈദരാബാദ്, ലക്‌നൗ, പാറ്റ്‌ന, പൂന, ഷില്ലോംഗ് എന്നീ റീജിയനുകളില്‍ നിന്ന് 720 പേര്‍ പങ്കെടുക്കും.
ഒരോ റീജിയനില്‍ നിന്നും 80 കായിക താരങ്ങടക്കം തൊണ്ണൂറുപേര്‍ ടീമിലുണ്ടാകും. മത്സരങ്ങള്‍ മൂന്ന് പ്രായ വിഭാഗങ്ങളിലായാണ് നടത്തുക. 14 വയസ്സിന് താഴെ, 17 വയസ്സിന് താഴെ, 19 വയസ്സിന് താഴെ. ഈ മൂന്ന് വിഭാഗങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആകെ ഇനങ്ങള്‍ 95. കായികമേളയിലെ വിജയികള്‍ എസ്ജിഎഫ്‌ഐ മത്സരങ്ങളില്‍ നവോദയയെ പ്രതിനിധാനം ചെയ്യും.
മത്സരങ്ങളുടെ ഫലനിര്‍ണ്ണയം നടത്തുന്നത് ദേശീയതലത്തില്‍ പ്രഗല്‍ഭരായ വിധികര്‍ത്താക്കളായിരിക്കും. ദേശീയ കായികമേളയുടെ മുന്നോടിയായി ആഗസ്ത് 8ന് വിളംബരഘോഷയാത്ര നടക്കും. ഉദ്ഘാടനം 11ന് രാവിലെ 11 മണിയ്‌ക്ക് കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ടിന്റുലൂക്ക മുഖ്യാതിഥിയായിരിക്കും. സമാപനസമ്മേളനം 13ന് വൈകീട്ട് മൂന്നിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അധ്യക്ഷനാകും. ഫുട്‌ബോള്‍ താരം സി.കെ. വിനീത് മുഖ്യാതിഥിയായിരിക്കും.
പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ടി.വി. കരുണാകരന്‍, സംഘാടക സമിതി ഭാരവാഹികളായ കെ. അഷറഫ്, പി.വി. കുര്യന്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, പ്രമോദ് പെരിയ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















