ടോറന്റോ: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങിന്റെ മിന്നല്‍ ബാറ്റിങ്ങില്‍ ടോറന്റോ നാഷണല്‍സിന് വിജയം. ഗ്ലോബല്‍ ടിട്വന്റി മത്സരത്തില്‍ യുവരാജ് നായകനായ ടോറന്റോ രണ്ട് വിക്കറ്റിന് എഡ്മഡണ്‍ റോയല്‍സിനെ തോല്‍പ്പിച്ചു.
പ്രതാപകാലത്തെ അനുസ്മരിക്കുന്ന ബാറ്റിങ്ങ് കാഴ്ചവച്ച യുവരാജ് മൂന്ന് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ച് 21 പന്തില്‍ 35 റണ്‍സ് നേടി.
19 ഓവറില്‍ 192 റണ്‍സ് ലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ടോറന്റോയ്‌ക്ക് രണ്ട് ഓപ്പണര്‍മാരെയും 29 റണ്‍സിന് നഷ്ടമായി. പിന്നീട് യുവരാജ് ദക്ഷിണാഫ്രിക്കയുടെ ഹെന്‍ റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
യുവരാജ് പുറത്താകുമ്പോള്‍ ടോറന്റോ സ്‌കോര്‍ നാല് വിക്കറ്റിന് 88 റണ്‍സ്. കീരോണ്‍ പൊള്ളാര്‍ഡും (2) കീഴടങ്ങിതോടെ ടോറന്റോ തകര്‍ച്ചയിലേക്ക് നീങ്ങി. പക്ഷെ ഇന്ത്യന്‍ താരമായ മന്‍പ്രീത് ഗോണി 12 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്ത് ടോറന്റോയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ബെന്‍ കട്ടിങ്ങിന്റെ മികവിലാണ് റോയല്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സ് നേടിയത്. ബെന്‍ കട്ടിങ് 24 പന്തില്‍ 43 റണ്‍സ് നേടി. മത്സരം മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ടോറന്റോയുടെ ലക്ഷ്യം 19 ഓവറില്‍ 192 റണ്‍സായി പുതുക്കി നിശ്ചയിച്ചു.
ടോറന്റോ അടുത്ത മത്സരത്തില്‍ ഇന്ന് വിന്നിപെഗ് ഹാക്ക്‌സിനെ നേരിടും.
















