കൊളംബോ: മധ്യനിര ബാറ്റ്‌സ്മാന്‍ മുഷ്ഫിക്വര്‍ റഹിമിന്റെ സെഞ്ചുറിക്കടുത്ത പ്രകടനത്തില്‍ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 238 റണ്‍സ് എടുത്തു. മുഷ്ഫിക്വര്‍ റഹിം 98 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 110 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടിച്ചു.
തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് നീങ്ങിയ ബംഗ്ലാദേശിനെ മുഷ്ഫികര്‍ റഹിമാണ് കരകയറ്റിയത്. മെഹ്ദി ഹസന്‍ റഹിമിന് മികച്ച പിന്തുണ നല്‍കി. ഏഴാം വിക്കറ്റില്‍ ഇവര്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മെഹ്ദി ഹസന്‍ 49 പന്തില്‍ 43 റണ്‍സ് നേടി. ആറു പന്ത് അതിര്‍ത്തികടത്തി.
ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ക്യാപ്റ്റന്‍ തമീം ഇക്ബാലിനെയും (19) ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെയും (11) തുടക്കത്തില്‍ തന്നെ നഷ്ടമായി. ആദ്യ രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സ് മാത്രം.
മുഹമ്മദ് മിഥുന്‍(12), മുഹമ്മദുള്ള (6), സാബിര്‍ റഹ്മാന്‍ (11), മൊസാദക് ഹുസൈന്‍ (13), താജുള്‍ ഇസ്ലാം (3) എന്നിവരും അനായാസം പുറത്തായി. ശ്രീലങ്കയ്‌ക്കായി എന്‍. പ്രദീപ് , ഉദാന്ത, ധനഞ്ജയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യ മത്സരം തോറ്റ ബംഗ്ലാദേശിന് നിര്‍ണായകമാണ് ഈ മത്സരം. തോറ്റാല്‍ അവര്‍ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര നഷ്ടമാകും.
















