മാതരിശ്വാധികരണം
രണ്ടാമത്തെ അധികരണമായ ഇതില്‍ ഒരു സൂത്രമേയുള്ളൂ. വായുവിന്റെ അസ്തിത്വത്തെ കുറിച്ചാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.
സൂത്രം ഏതേന മാതരിശ്വാ വ്യാഖ്യാത:
ആകാശത്തെപ്പറ്റിയുള്ള പ്രതിപാദനത്താല്‍ വായുവിനെക്കുറിച്ചും വ്യാഖ്യാനിച്ചു. ആകാശത്തെപ്പറ്റി പറഞ്ഞ യുക്തികളെല്ലാം വായുവിനും ബാധകമാണ്.
ആകാശത്തെപ്പോലെ തന്നെ വായുവിനും ഉത്പത്തിയില്ലെന്ന് വാദിക്കാനിടയുണ്ട്. ആകാശത്തിന്റെ ഉല്‍പ്പത്തി ബ്രഹ്മത്തില്‍ നിന്നാണെന്ന് പറഞ്ഞ പോലെ വായുവിന്റെയും ഉല്‍പത്തി അവിടെ നിന്ന് തന്നെയാണ്. ആകാശത്തിന്റെ കാര്യത്തില്‍ പറഞ്ഞ യുക്തികള്‍ തന്നെയാണ് വായുവിന്റെ കാര്യത്തിലും.
ഛാന്ദോഗ്യത്തില്‍ അഗ്‌നിയെ ആദ്യം സൃഷ്ടിച്ചുവെന്ന് പറഞ്ഞതിനെ ചൂണ്ടിക്കാട്ടി ആകാശത്തെപ്പോലെ വായുവിന്റെ ഉല്‍പ്പത്തിയേയും നിഷേധിക്കുന്നതിനെതിരെയാണ് ഈ സൂത്രം.
ബൃഹദാരണ്യകത്തില്‍ ‘സൈഷാനസ്തമിതാ ദേവതാ യദ്വായു: വായു ദേവതയ്‌ക്ക് അസ്തമയമില്ല എന്ന ശ്രുതിയെ വായുവിന് ഉല്‍പ്പത്തിയില്ല എന്നതിനെ കാണിക്കാന്‍ പൂര്‍വപക്ഷം പറയുന്നു. അസ്തമയമില്ലാത്തതിന് ഉദയവുമുണ്ടാകില്ല. നാശമില്ലാത്തതിന് ഉല്‍പ്പത്തിയുമുണ്ടാകില്ല. അതിനാല്‍ വായുവിന് ഉല്‍പ്പത്തിയില്ലെന്ന് സമര്‍ഥിക്കാന്‍ നോക്കുകയാണ് പൂര്‍വപക്ഷം.
ആകാശം ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതാണെന്ന സമാധാനം തന്നെയാണ് ഇവിടെ വായുവിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ബ്രഹ്മസൃഷ്ടിയില്‍ നിന്ന് ആകാശത്തേയും വായുവിനേയും മാറ്റി നിര്‍ത്തിയാലുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആകാശത്തില്‍ നിന്ന് വായു ഉണ്ടായി എന്ന തൈത്തിരീയ ശ്രുതി വാക്യം തന്നെ സ്വീകരിക്കണം.
സൂത്രം: അസംഭാവധികരണം
മൂന്നാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.
ആകാശവായുക്കള്‍ക്ക് ഉല്‍പ്പത്തിയ്‌ക്ക് കാരണമായ ബ്രഹ്മത്തിന് ഉല്‍പ്പത്തി സംഭവിക്കാനിടയുണ്ടെന്ന എന്ന വാദത്തെ തകര്‍ക്കുകയാണ് ഈ അധികരണവും സൂത്രവും.
സൂത്രം: അസംഭവസ്തു സതോളനുപത്തേ:
സത്തായ ബ്രഹ്മത്തിന് ഉല്‍പത്തി സംഭവിക്കുകയില്ല എന്നത് ഉപപന്നമല്ലാത്തതിനാല്‍.
ഉല്‍പ്പത്തിയെക്കുറിച്ച് പറയുമ്പോള്‍ ആകാശത്തിന്റെ വികാരമാണ് വായു. വായുവിന്റെ വികാരമാണ് അഗ്‌നി എന്ന് പറയുന്നുണ്ട്. ഇത് കേട്ട് ബ്രഹ്മത്തിന്റെ വികാരമാണ് ആകാശം എന്ന് ചിലര്‍ ധരിക്കുന്നു. വികാരമുള്ളതെല്ലാം നശിക്കുന്നതാണ്. അങ്ങനെയെങ്കില്‍ വികാരമുള്ള ബ്രഹ്മത്തിന് ഉല്‍പത്തിയും നാശവുമുണ്ടാകുമെന്ന് ചിലര്‍ക്ക് സംശയമുണ്ട്. അതിനുള്ള സമാധാനമാണ് ഈ സൂത്രം. ബ്രഹ്മത്തെ മാത്രമാണ് ശ്രുതി സത് എന്ന് പറയുന്നത്. മറ്റുള്ളതെല്ലാം അസത്താണ്. ബ്രഹ്മവും ഉണ്ടായതാണെന്ന് പറഞ്ഞാല്‍ അസത്തില്‍ നിന്നും സത്തുണ്ടായി എന്ന് പറയേണ്ടി വരും. ഛാന്ദോഗ്യത്തില്‍ ‘കഥമസത: സജ്ജായതേ’ അസത്തില്‍ നിന്ന് എങ്ങനെ സത്തുണ്ടാകും. അതിനാല്‍ സത്തായ ബ്രഹ്മത്തിന് മറ്റൊന്നില്‍ നിന്ന് ഉല്‍പത്തിയുണ്ടായി എന്ന് പറയുന്നത് ഒട്ടും ചേരില്ല. പ്രളയകാലത്ത് എല്ലാം ബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ ശേഷിക്കുന്നത് ബ്രഹ്മം മാത്രമാണ്. അതു കൊണ്ട് തന്നെ ബ്രഹ്മമൊഴിച്ച് മറ്റെല്ലാം ഉണ്ടായവയും നാശമുള്ളതുമാണ്.
ഇക്കാരണങ്ങളാല്‍ ബ്രഹ്മം ഉത്പത്തി നാശങ്ങളില്ലാത്തും ഒരു തരത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമാവാത്തതുമാണ്.
















