ബ്യൂണസ് അയേഴ്‌സ്: ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ അര്‍ജന്റീനന്‍ താരം ഹ്യൂഗോ സാന്റിലന്‍ (23) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച ലോക ബോക്‌സിങ് കൗണ്‍സിലിന്റെ ലൈറ്റ്‌വെയ്റ്റ് കിരീടത്തിനുവേണ്ടി ഉറുഗെഗ്വയുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്‌ക്ക് പരിക്കേറ്റത്. മത്സരം സമനിലയില്‍ അവസാനിച്ച ശേഷം സാന്റിലന്‍ റിങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച ബ്യൂണസ് അയേഴ്‌സിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അബോധാവസ്ഥയിലായിരുന്ന സാന്റിലനെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. തുടര്‍ന്ന് ഹൃദയസ്തംഭനം മൂലം സാന്റിലന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
നാല് ദിവസത്തിനിടെ ബോക്‌സിങ് മത്സരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടുപേര്‍ക്കാണ്. തിങ്കളാഴ്ച തലയ്‌ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന റഷ്യന്‍ ബോക്സര്‍ മാക്‌സിം ദാദഷേവും (28) മരണത്തിന് കീഴടങ്ങിയിരുന്നു. യുഎസില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്യൂര്‍ട്ടൊറീക്കോ ബോക്സര്‍ സബ്രിയല്‍ മതിയാസുമായുള്ള മത്സരത്തിനിടെയാണ് റഷ്യന്‍ താരത്തിന് പരിക്കേറ്റത്. അടിയന്തരമായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയെങ്കിലും ദാദഷേവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
















