ന്യൂജേഴ്‌സി: ഡീഗോ കോസ്റ്റ ഹീറോയും വില്ലനുമായി മാറിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് മിന്നുന്ന ജയം. പ്രീ സീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ റയലിനെ നാണം കെടുത്തിയത്. ഹാട്രിക് സഹിതം നാലു ഗോള്‍ നേടിയ സ്പാനിഷ് താരം ഡീഗോ കോസ്റ്റയാണ് അത്ലറ്റിക്കോയ്‌ക്ക് കൂറ്റന്‍ ജയമൊരുക്കിയത്. ആദ്യപകുതിയില്‍ അത്‌ലറ്റിക്കോ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലായിരുന്നു.
1, 28, 45 (പെനാല്‍റ്റി), 51 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകള്‍. ജാവോ ഫെലിക്‌സ് (8), എയ്ഞ്ചല്‍ കൊറിയ (19), വിട്ടോലോ (70) എന്നിവരാണ് ശേഷിച്ച ഗോളുകള്‍ നേടിയത്. നാച്ചോ (59), കരിം ബെന്‍സേമ (85, പെനല്‍റ്റി), ഹവിയര്‍ ഹെര്‍ണാണ്ടസ് (89) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
ഗോള്‍മഴയ്‌ക്കൊപ്പം താരങ്ങളുടെ കയ്യാങ്കളിക്കും മത്സരം വേദിയായി. കളിയുടെ 65-ാം മിനിറ്റില്‍ ഡിഗോ കോസ്റ്റയും റയലിന്റെ ഡാനി കര്‍വാജലും ഏറ്റുമുട്ടി. തുടര്‍ന്ന് ഇരുവര്‍ക്കും ചുവപ്പുകാര്‍ഡ് ലഭിച്ചു. ഇതോടെ 10 പേരുമായാണ് ഇരു ടീമുകളും രണ്ടാം പകുതിയില്‍ ഏറിയ പങ്കും കളിച്ചത്.
ഈ സീസണില്‍ മാഡ്രിഡിലെത്തിച്ച ബല്‍ജിയം താരം ഏഡന്‍ ഹസാഡ്, ലൂക്കാ ജോവിച്ച് തുടങ്ങിയവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ഇറങ്ങിയ റയലിന്, ഈ തോല്‍വി കനത്ത ക്ഷീണമായി.
















