സത്സംഗം കൊണ്ടു ലഭിച്ചീടിന ഭക്തിയോടും
ത്വത്സേവാരതന്മാരാം മാനുഷര്‍ മെല്ലെ മെല്ലെ
ത്വന്മായാരചിതമാം സംസാരപാരാവാരം
തന്മറുകര കേറീടുന്നിതു കാലംകൊണ്ടേ
ത്വത്ജ്ഞാനപരന്മാരാം മാനുഷജനങ്ങള്‍ക്കു-
ള്ളജ്ഞാനം നീക്കുമൊരു സദ്ഗുരു ലഭിച്ചിടും.
സദ്ഗുരുവരങ്കല്‍ നിന്നന്‍പോടു വാക്യജ്ഞാന-
മുള്‍ക്കാമ്പിലുദിച്ചിടും ത്വത്പ്രസാദത്താലപ്പോള്‍…” (ബാലകാണ്ഡം) എന്നാണ് ശ്രീരാമസാമീപ്യത്താല്‍ സന്തുഷ്ടനായ പരശുരാമന്‍ ശ്രീരാമനോട് സത്സംഗമഹത്വം വിവരിക്കുന്നത്. മായയാല്‍ ഉണ്ടാക്കപ്പെട്ട സംസാരപാരാവാരം കടക്കുവാന്‍ സത്സംഗം കൊണ്ട് ലഭിക്കുന്ന ഭക്തികൊണ്ടും സേവകൊണ്ടും അതിലൂടെ ആര്‍ജിക്കുന്ന ജ്ഞാനംകൊണ്ടും സാധിക്കും. അജ്ഞാനം നീക്കുവാനായി കാലംകൊണ്ട് സദ്ഗുരുപ്രാപ്തിയുമുണ്ടാവുന്നു. അത് സദ്ഗതിക്കു പാത്രമാവുകയും ചെയ്യുന്നു.
അജ്ഞാനത്തില്‍ മുഴുകി കഴിയുന്ന സാമാന്യ ജനത്തിന് ഈ സംസാരസാഗരം കടക്കുവാന്‍ ചിന്തയുണ്ടാവുന്നത് വിരളമാണ്. ചുരുക്കം ചിലര്‍ക്ക് ജഗത്തിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ജീവനെക്കുറിച്ചും ചിന്തയുണ്ടാവുന്നു. ഈ ചിന്തയുണ്ടായാല്‍ അതിനുള്ള പ്രവൃത്തിയും സാഹചര്യവും വന്നുചേരും. അതിന് മഹത്തുക്കളുടെ സംഗം പ്രധാനമാണ്. ഏതോ പൂര്‍വ്വജന്മ സുകൃതത്തിന്റെ ഫലമായുണ്ടാവുന്ന പുണ്യത്തിന്റെ ഫലമായിട്ടാണ് സത്പുരുഷന്മാരുടെ സാമീപ്യമുണ്ടാവുന്നതുതന്നെ. സാമീപ്യമുണ്ടായാല്‍ത്തന്നെ അതു തിരിച്ചറിയാന്‍ ചുരുക്കം പേര്‍ക്കേ സാധിക്കുകയുമുള്ളു.
ഇങ്ങനെ കൈവന്ന ഗുരുപ്രാപ്തിയിലൂടെ, അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് സാധനാനിര്‍ഭരമായ വഴിയിലൂടെ സഞ്ചരിച്ച് പരിശ്രമം ചെയ്ത് സദ്ഗുണസമ്പന്നതയെ നേടിയെടുത്ത് മനുഷ്യജന്മ മഹത്വവും ലക്ഷ്യവും തിരിച്ചറിഞ്ഞ് മുന്നേറേണ്ടതാണ്. അല്ലാതെ, അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന സത്പുരുഷസംഗവും ഗുരുപ്രാപ്തിയും നിഷ്ഫലമാവാതിരിക്കാന്‍ അതീവ ശ്രദ്ധയുണ്ടാവേണ്ടതാണ്.
അങ്ങനെ മുന്നേറുന്നവര്‍ ധന്യരാവുന്നു.
രാമായണ ചിന്തകള്‍ -12
ി ടി.കെ രവീന്ദ്രന്‍
















