കൊളംബോ: ഏകദിനത്തിലെ അവസാന മത്സരത്തിനിറങ്ങിയ പേസര്‍ ലസിത് മലിംഗയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് 91 റണ്‍സിന്റെ വിജയം. അവസാന കളിയില്‍ മലിംഗ വീഴ്‌ത്തിയത് മൂന്ന് വിക്കറ്റ്. 9.4 ഓവറില്‍ 38 റണ്‍സ് മാത്രമാണ് മലിംഗ വിട്ടുനല്‍കിയത്. രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കിയ മലിംഗ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും പിഴുതു.
ലങ്ക ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 41.4 ഓവറില്‍ 223ന് പുറത്താകുകയായിരുന്നു. മലിംഗയ്‌ക്ക് പുറമെ നുവാന്‍ പ്രദീപും മൂന്ന് വിക്കറ്റുകള്‍ പിഴുതു. ധനഞ്ജയ ഡിസില്‍വ രണ്ടും ലഹിരു കുമാര ഒരു വിക്കറ്റും സ്വന്തമാക്കി.
ലങ്ക ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് നിരയില്‍ ശോഭിച്ചത് അര്‍ധസെഞ്ചുറി നേടിയ രണ്ടുപേര്‍ മാത്രം. 86 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമാണ് ടോപ് സ്‌കോറര്‍. സാബിര്‍ റഹ്മാന്‍ 56 പന്തില്‍ 60 റണ്‍സുമെടുത്തു. മറ്റു താരങ്ങള്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ബംഗ്ലദേശിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്കു രണ്ടക്കം കടക്കാനാകാന്‍ പോലുമായില്ല.
തമിം ഇഖ്ബാല്‍ (0), സൗമ്യ സര്‍ക്കാര്‍ (15), മുഹമ്മദ് മിഥുന്‍ (10), മഹ്മദുള്ള (3), ഹൊസൈന്‍ (12), മെഹ്ദി ഹസ്സന്‍ റാസ (2), ഷെയ്ഫുല്‍ ഇമാം (2), മുസ്താഫിസൂര്‍ റഹ്മാന്‍ (18) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയത്. ആറ് റണ്‍സുമായി റൂബല്‍ ഹുസൈന്‍ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയുടെ അഞ്ചാം ഏകദിന സെഞ്ചുറിയുടെ കരുത്തിലാണ് 314 റണ്‍സ് അടിച്ചുകൂട്ടിയത്. 99 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 111 റണ്‍സെടുത്താണ് പെരേര മടങ്ങിയത്.
















