ബംഗളൂരു: ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ ഭയങ്കര വിശ്വാസമാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്ക്. അതുകൊണ്ടു തന്നെ നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതല ഏല്‍ക്കും മുന്‍പ് എല്ലാത്തരം ജ്യോതിഷപരമായ കാര്യങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കാറുമുണ്ട്. നാലാം തവണ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതയേറ്റ ശേഷം വിശ്വാസപ്രകാരം വീണ്ടും പേരിന്റെ സ്‌പെല്ലിങ് മാറ്റിയിരിക്കുകയാണ് യെദ്യൂരപ്പ. സംഖ്യാശാസ്ത്ര പ്രകാരമാണ് മാറ്റം. യെദ്യൂരപ്പ (Yeddyurappa ) എന്ന പേരിനെ യെഡിയൂരപ്പ (Yediyurappa) എന്നാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. 2007വരെ അദ്ദേഹത്തിന്റെ പേര് യെഡിയൂരപ്പ (Yediyurappa) എന്നു തന്നെയായിരുന്നു. 2007ല്‍ ജെഡിഎസുമായി സഖ്യത്തില്‍ കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയിരുന്നു ബിജെപി. കരാര്‍ അനുസരിച്ച് യെഡിയൂരപ്പ മുഖ്യമന്ത്രിയാകേണ്ട സമയമെത്തി. അപ്പോഴാണ് കുമാരസ്വാമി വാക്ക് മാറിയത്. അങ്ങനെ ഭാഗ്യം വരാനായി, ഒരു ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം ആദ്യമായി പേര് മാറ്റി. യെഡിയൂരപ്പയിലെ I എടുത്ത് കളഞ്ഞ് ഒരു D കൂട്ടിച്ചേര്‍ത്ത് യെദ്യൂരപ്പ എന്നാക്കി പേര്. 2007 നവംബര്‍ 12ന് പേര് മാറ്റിയ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ ജെഡിഎസ് പിന്തുണ പിന്‍വലിച്ചതോടെ ഒരൊറ്റ ആഴ്ചയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ താഴെ വീണു. ഇപ്പോഴിതാ തന്റെ പഴയ പേരുമായി വീണ്ടും മുഖ്യമന്ത്രിയുടെ ചുമതലയിലാണ് യെഡിയൂരപ്പ. ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷായ്‌ക്ക് കഴിഞ്ഞ ദിവസം കത്തയച്ചപ്പോള്‍ യെഡിയൂരപ്പ (Yediyurappa) എന്ന പേരാണ് അദ്ദേഹം ലെറ്റര്‍ ഹെഡ്ഡില്‍ ഉപയോഗിച്ചത്. ലെറ്റര്‍ ഹെഡിലും നെയിംബോര്‍ഡിലും വെബ്‌സൈറ്റിലും വിസിറ്റിങ് കാര്‍ഡിലും എല്ലാം ഇനി പേര് യെഡിയൂരപ്പ (Yediyurappa) എന്നായിരിക്കും ഉപയോഗിക്കുക.
















