വാങ്്ജു (ദക്ഷിണ കൊറിയ): അമേരിക്കയുടെ കീലെബ് ഡ്രെസ്സല്‍ നൂറ് മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ പത്ത് വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ചു. ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ 49.50 സെക്കന്‍ഡില്‍ നൂറ് മീറ്റര്‍ ബട്ടര്‍ഫ്‌ളൈ പൂര്‍ത്തിയാക്കിയാണ് ഡ്രെസ്സല്‍ റെക്കോഡ് പുസ്തകത്തില്‍ കയറിത്.
അമേരിക്കയുടെ തന്നെ മൈക്കിള്‍ ഫെല്‍പ്‌സ് റോമില്‍ 2009ല്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യഷിപ്പില്‍ കുറിച്ചിട്ട 49.82 സെക്കന്‍ഡിന്റെ റെക്കോഡാണ് വഴിമാറിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഡ്രെസ്സല്‍ മൂന്ന് സ്വര്‍ണം നേടിക്കഴിഞ്ഞു. അമ്പത് മീറ്റര്‍ ഫ്രീസ്‌റ്റെയ്‌ലിലും മത്സരിക്കുന്നുണ്ട്.
മറ്റൊരു അമേരിക്കന്‍ താരമായ റീഗന്‍ സ്മിത്ത് വനിതകളുടെ 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ റെക്കോഡ് സ്ഥാപിച്ചു. സെമി ഫൈനലില്‍ 2:03.35 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് റീഗന്‍ റെക്കോഡിട്ടത്. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ അമേരിക്കയുടെ തന്നെ മിസി ഫ്രാങ്ക്‌ളിന്‍ സ്ഥാപിച്ച 2:04.06 സെക്കന്‍ഡിന്റെ റെക്കോഡാണ് മായ്‌ക്കപ്പെട്ടത്.
















