ന്യൂദല്‍ഹി: സൈനിക പരിശീലനത്തിനായി കാശ്മീരിലേക്ക് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് പ്രത്യേക സുരക്ഷയുടെ ആവശ്യമില്ലെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി, തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകള്‍ നിറവേറ്റാന്‍ പ്രാപ്തനാണ്. മറ്റു സൈനികരെപ്പോലെ അദ്ദേഹം രാജ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുക. ഏതൊരു സൈനികനെയും പോലെ സംരക്ഷകന്റെ റോളാണ് ധോണിക്കെന്നും റാവത്ത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്കാണ് സൈനിക സേവനത്തിനു പോകുന്നത്. ജൂലൈ 31ന് കശ്മീരിലെത്തുന്ന ധോണി, ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം.
സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമില്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും ബാധ്യസ്ഥനാണ്. സൈനിക സേവനത്തിനു മുന്നോടിയായി ആവശ്യമായ പരിശീലനം ധോണി നേടിക്കഴിഞ്ഞു. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും റാവത്ത്.
ധോണിക്ക് കാശ്മീരില്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതില്ല. സൈനികര്‍ക്കൊപ്പം സൈനികനായാണ് അദ്ദേഹം തന്റെ ചുമതലകള്‍ നിര്‍വഹിക്കുക.ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ക്കനുസരിച്ച് മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുകയാകും അദ്ദേഹം ചെയ്യുകയെന്നും കരസേന മേധാവി. സൈനിക സേവനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍നിന്ന് ധോണി പിന്‍മാറിയിരുന്നു.
















