കൊല്‍ക്കത്ത: രാജ്യത്തെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ബുദ്ധിജീവികള്‍ പ്രശ്‌നത്തിന് മതത്തിന്റെ നിറം നല്‍കാന്‍ ശ്രമിക്കുന്നെന്ന് ബിജെപി നേതാവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാര്‍ ബോസ്. ഇവര്‍ പ്രത്യേക സമുദായങ്ങള്‍ക്ക് വേണ്ടി മാത്രം നിലനില്‍ക്കുകയാണെങ്കില്‍ താന്‍ അതിനെ എതിര്‍ക്കും. മതപരമായ കാരണങ്ങള്‍ നിരത്തി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും ബോസ് പറഞ്ഞു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെയാണ് താന്‍ നിലകൊള്ളുന്നത്. രാജ്യത്തെ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ പ്രധാനമന്ത്രി നിര്‍ത്തലാക്കുമെന്ന് വിശ്വസിക്കുന്നു. 1992ല്‍ താനും ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായി. അയോധ്യയിലെ തര്‍ക്കമന്ദിരം വീണപ്പോള്‍ ഗുവാഹത്തിയില്‍ വച്ച് ജനക്കൂട്ടം തന്നെ ആക്രമിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
പക്ഷേ അന്നവിടെ 120 പേരാണ് വെന്തു മരിച്ചത്, ബോസ് പറഞ്ഞു. മതത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കുറ്റാരോപിത വ്യക്തികളുടെ മതം നോക്കാതെ അവര്‍ക്ക് ശിക്ഷ നല്‍കുന്നതിനാണ് പ്രധാന്യം നല്‍കേണ്ടത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തിന് ഒരു മതത്തിന്റെ നിറം നല്‍കാനാവില്ല. പ്രമുഖര്‍ക്ക് പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതൊരു സ്വതന്ത്ര രാഷ്‌ട്രമാണ്, പക്ഷേ അതിന് മതപരമായ നിറം നല്‍കുന്നത് അങ്ങേയറ്റം ആക്ഷേപകരമെന്നും അദ്ദേഹം പറഞ്ഞു.
ഗായകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 49 പ്രമുഖര്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നിര്‍ത്തലാക്കണമെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
















