ജയ്‌പുർ: രാജസ്ഥാനിൽ മതം മാറ്റ ഫാക്ടറികൾ പടർന്ന് പിടിക്കുകയാണെന്ന് ബിജെപി എംഎൽഎ വാസുദേവ് ദേവനാനി. കോട്ടയിൽ നേരത്തെ തന്നെ മതം മാറ്റ പ്രവർത്തനം ഉണ്ടായിരുന്നു. അതിപ്പോൾ അജ്‌മീരിലേക്കും പടർന്നിരിക്കുകയാണെന്ന് വാസുദേവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു മതം മാറ്റ ഫാക്ടറി തന്നെ അജ്മീറിൽ പ്രവർത്തിച്ചു വരുന്നുണ്ട്. “കഴിഞ്ഞ ദിവസം കിഷൻഗാറിൽ നിന്ന് മതം മാറ്റവുമായി ബന്ധപ്പെട്ട ഒരു സംഭവം പുറത്തു വന്നു. പ്രാർത്ഥനക്കെന്ന പേരിൽ കഴിഞ്ഞ കുറച്ചു കാലമായി മൂന്ന് ക്രിസ്ത്യൻ സ്ത്രീകൾ അവിടെ പോകുന്നുണ്ടായിരുന്നു. പിന്നെ 12 – 15 വയസ്സ് പ്രായമുള്ള കുട്ടികളെയും കുറേ സ്ത്രീകളേയും കൂട്ടി മതം മാറുന്നതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അവരോട് വീടുകളിൽ നിന്ന് ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ മാറ്റുവാനും യേശുവിനെ മാത്രം ആരാധിക്കുവാനും ആവശ്യപ്പെട്ടു.”
“അവിടെയുള്ള പല കുടുംബങ്ങളും പാവങ്ങളാണ്. അവരെ പണവും മറ്റും കൊടുത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നത് അപലപനീയമാണ്. ഇതിന്റെ പേരിൽ രണ്ടു ദിവസമായി അവിടെ സംഘർഷം ഉടലെടുത്തിട്ടുണ്ട്. ഇങ്ങനെ പണമൊഴുക്കി മതം മാറ്റാൻ ശ്രമിച്ചാൽ ഹിന്ദു സമൂഹം അംഗീകരിക്കില്ല.”
“ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ സർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം. അവർക്ക് എവിടെ നിന്നാണ് ഇതിനു പണം വരുന്നത്. അത് അന്വേഷണ വിധേയമാകണം. അവരുടെ പണത്തിന്റെ സ്രോതസ്സ് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ നടപടിയെടുക്കാൻ തയ്യാറാവുന്നില്ല.” വാസുദേവ് ആവശ്യപ്പെട്ടു
“വോട്ടിന് ആർത്തി പിടിച്ച പാർട്ടികൾ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നു. മത സൗഹാർദത്തിനു വേണ്ടി ഈ അനീതി ഹിന്ദുക്കൾ എത്രകാലം സഹിക്കണം? ഇത്തരം നഗ്നമായ അനീതി കണ്ടാൽ പ്രതികരിക്കും. ഇതൊന്നും ആരും പൊറുക്കേണ്ട ആവശ്യമില്ല.” ബിജെപി എംഎൽഎ പറഞ്ഞു.
















