ന്യൂദല്‍ഹി: നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാക്കിസ്ഥാന്‍ മുന്നോട്ടുപോകരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്റ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഞങ്ങളുടെ സൈനികര്‍ ജാഗ്രത പാലിക്കുന്നതിനാല്‍ ഇപ്പോള്‍ നുഴഞ്ഞുകയറ്റം കുറഞ്ഞു. നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചാല്‍ മൃതദേഹങ്ങള്‍ തിരിച്ചെടുക്കേണ്ട അവസ്ഥ വരുമെന്ന് പാക്കിസ്ഥാന് അറിയാമെന്നും ബിബിന്‍ റാവത്ത് പറഞ്ഞു.
നമ്മുടെ സൈനികര്‍ക്ക് ആവശ്യങ്ങള്‍ തീരെ കുറവാണ്. എന്നാല്‍ അവരുടെ ആത്മവീര്യം നാം ഉയര്‍ത്തിപ്പിടിക്കണം. ഒരു യുദ്ധത്തിനു തയാറെടുക്കുന്ന സൈനികന് അത്യാവശ്യം വേണ്ടത് തോക്കും കവചവുമാണ്. അതുകൊണ്ട് ഏതറ്റം വരെ പോകാനും അവര്‍ക്ക് കഴിയും. സേനയെ നവീകരിക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍, പക്ഷേ ഒറ്റരാത്രികൊണ്ട് ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമയായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ദ്രാസില്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ദ്രാസിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
















