ന്യൂദല്‍ഹി : കാര്‍ഗില്‍ വിജയസ്മരണ 20 ആണ്ട് തികയുമ്പോള്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ രാഷട്രപതിയും പ്രധാനമന്ത്രിയും അനുസ്മരിച്ചു. കാര്‍ഗില്‍ രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചത്.
കാര്‍ഗില്‍ വിജയ ദിവസം സൈനികരുടെ ധൈര്യവും അര്‍പ്പണ ബോധവും ഓര്‍മിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുസ്മരിച്ചു. യുദ്ധ കാലത്ത് കാര്‍ഗില്‍ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും പ്രധാനമന്ത്രി ഇതോടൊപ്പം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ന്യൂദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തി രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ചു.
അതേസമയം മോശം കാലവസ്ഥയെ തുടര്‍ന്ന് ദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് എത്താന്‍ സാധിക്കില്ല. പ്രതികൂലാന്തരീക്ഷമായതിനാല്‍ ഹെലികോപ്ടറിന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് പറക്കാനാവാത്തതാണ് കാരണം.
അതിനാല്‍ ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചശേഷം രാഷ്‌ട്രപതി മടങ്ങും. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസിലേക്ക് എത്തില്ല. അതേസമയം ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കും.
1999 ജൂലൈ 26നാണ് പാക് സൈന്യം ചതിവിലൂടെ കൈയടക്കിയ കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെപ്പിടിച്ചത്. മേയ് അഞ്ച് മുതല്‍ മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തിനൊടുവില്‍ ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രരേഖയ്‌ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു.
















