ബംഗളൂരു: കര്‍ണാടകയിലെ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം കുറിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ ഗവര്‍ണറെ കണ്ടു. തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ പട്ടികയുമായി ആണ് യെദിയൂരപ്പ രാജ്ഭവനില്‍ എത്തിയത്. പത്തു മണിയോടെയാണു യെദിയൂരപ്പ രാജ് ഭവനില്‍ എത്തിയത്. ഇന്നു തന്നെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്തണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുമെന്നു രാജ് ഭവനിലേക്ക് പുറപ്പെടും മുന്‍പു യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപി തിടുക്കം കാട്ടിയിരുന്നില്ല. വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ തീരുമാനം ആയ ശേഷം മാത്രം അവകാശവാദം ഉന്നയിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. അതേസമയം, ഇന്നു വൈകിട്ട് ആറിന് പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നു ഗവര്‍ണറെ കണ്ട ശേഷം യെദിയൂരപ്പ വ്യക്തമാക്കി.
ഇന്നലെ, കര്‍ണാടകത്തിലെ പതിനേഴ് വിമത എംഎല്‍എമാരില്‍ മൂന്നുപേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. റാണെബെന്നൂര്‍ എംഎല്‍എ ആര്‍. ശങ്കര്‍, ഗോഖക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി, അത്താണി എംഎല്‍എ മഹേഷ് കുമത്തല്ലി എന്നിവരെയാണ് ഇന്നലെ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കിയത്.
കര്‍ണാടക പ്രജാ ജനതാ പാര്‍ട്ടി (കെപിജെപി) പാര്‍ട്ടിയുടെ ഏക എംഎല്‍എയായിരുന്നു ആര്‍. ശങ്കര്‍. ജൂണ്‍ 14ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ മന്ത്രിയാകുന്നതിനു വേണ്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നതായി കത്ത് നല്‍കിയിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. ജൂലൈ എട്ടിന് എംഎല്‍എസ്ഥാനം രാജിവയ്‌ക്കുന്നതായി കത്തു നല്‍കി. ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് ശങ്കര്‍ ഗവര്‍ണറെ അറിയിച്ചു. ഇത് ചട്ടവിരുദ്ധമാണെന്നും കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ ആവശ്യപ്രകാരം അയോഗ്യനാക്കുന്നുവെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നിയമസഭകക്ഷിയോഗത്തിലും ബജറ്റ് സമ്മേളനത്തിലും വിപ്പ് ലംഘിച്ച് പങ്കെടുത്തില്ല. തുടര്‍ന്ന് ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും കത്തു നല്‍കിയിരുന്നു. ഈ കത്ത് നിലനില്‍ക്കവെയാണ് ഇരുവരും ജൂലൈയില്‍ രാജി നല്‍കുന്നത്.
















