ന്യൂദല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തിയ കാര്‍ഗില്‍ വിജയ സ്മരണയ്‌ക്ക് ഇരുപതാണ്ട്. 1999 ജൂലൈ 26നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചത്.
കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്‌ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്.
ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. ഏഴുമാസത്തിന് ശേഷം 1999 മേയിലാണ് ഇന്ത്യന്‍ മണ്ണിലേക്കുള്ള പാക് സൈന്യത്തിന്റെ അതിക്രമിച്ചു കടക്കല്‍ ശ്രദ്ധയില്‍ പെടുന്നത്. ആദ്യം ഇവരെ ഭീകരര്‍ എന്നാണ് കരുതിയത്.
തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്ന് മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും ഇക്കാലയളവില്‍ പാക് സൈന്യം പിടിച്ചെടുത്തിരുന്നു. 1999 മേയ് അഞ്ചിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു.
തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര, വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. തന്ത്രപ്രധാന പാതകള്‍ ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തു.
ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക് യുദ്ധമുന്നണിയില്‍ കനത്ത നാശം വിതച്ചു. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്‌ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിക്കുകയായിരുന്നു.
















