ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭ വീണ്ടും പാസാക്കി. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 82നെതിരെ 303 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, കക്ഷികള്‍ ബില്ലില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് വോട്ടെടുപ്പിന് മുമ്പ് ഇറങ്ങിപ്പോയി.
തുല്യനീതിയുമായി ബന്ധപ്പെട്ട വിഷയമാണ് ലക്ഷ്യമിടുന്നതെന്ന് ബില്ലവതരിപ്പിച്ച് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചു. 2017 ജനുവരി മുതല്‍ മുത്തലാഖുമായി ബന്ധപ്പെട്ട് 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബില്‍ വരും ദിവസങ്ങളില്‍ രാജ്യസഭയില്‍ കൂടി പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.
ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി സ്ത്രീയെ ഉപേക്ഷിക്കുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഇതിനെതിരെ ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു രംഗത്തുണ്ട്. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി ഇറക്കിയ ഉത്തരവിലെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.
















