ബെംഗളൂരു: കര്‍ണാടകത്തിലെ പതിനേഴ് വിമത എംഎല്‍എമാരില്‍ മൂന്നുപേരെ സ്പീക്കര്‍ അയോഗ്യരാക്കി. റാണെബെന്നൂര്‍ എംഎല്‍എ ആര്‍. ശങ്കര്‍, ഗോഖക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി, അത്താണി എംഎല്‍എ മഹേഷ് കുമത്തല്ലി എന്നിവരെയാണ് ഇന്നലെ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കിയത്.
കര്‍ണാടക പ്രജാ ജനതാ പാര്‍ട്ടി (കെപിജെപി) പാര്‍ട്ടിയുടെ ഏക എംഎല്‍എയായിരുന്നു ആര്‍. ശങ്കര്‍. ജൂണ്‍ 14ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ മന്ത്രിയാകുന്നതിനു വേണ്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നതായി കത്ത് നല്‍കിയിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. ജൂലൈ എട്ടിന് എംഎല്‍എസ്ഥാനം രാജിവയ്‌ക്കുന്നതായി കത്തു നല്‍കി. ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് ശങ്കര്‍ ഗവര്‍ണറെ അറിയിച്ചു. ഇത് ചട്ടവിരുദ്ധമാണെന്നും കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ ആവശ്യപ്രകാരം അയോഗ്യനാക്കുന്നുവെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.
രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നിയമസഭകക്ഷിയോഗത്തിലും ബജറ്റ് സമ്മേളനത്തിലും വിപ്പ് ലംഘിച്ച് പങ്കെടുത്തില്ല. തുടര്‍ന്ന് ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും കത്തു നല്‍കിയിരുന്നു. ഈ കത്ത് നിലനില്‍ക്കവെയാണ് ഇരുവരും ജൂലൈയില്‍ രാജി നല്‍കുന്നത്.
താന്‍ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് മുന്‍കൂട്ടി അറിയിക്കാതെയാണ് ഇവര്‍ രാജി നല്‍കിയത്. ക്രമത്തിലായിരുന്നില്ല രാജി. സുപ്രീംകോടതി നിര്‍ദേശം രണ്ടാമത് നല്‍കിയ രാജിയും ക്രമത്തിലല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതിനാല്‍ ഇരുവരെയും അയോഗ്യരാക്കുന്നുവെന്നാണ് സ്പീക്കര്‍ പറഞ്ഞത്. മറ്റ് പതിനാല് എംഎല്‍എമാരുടെ രാജികത്ത് വിശദമായി പരിശോധിച്ചു വരികയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്‌ക്ക് അഡ്വ. ജനറലുമായി സ്പീക്കര്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് മൂന്നു പേരെ അയോഗ്യരാക്കുന്ന തീരുമാനം സ്പീക്കര്‍ കൈക്കൊണ്ടത്.
















