ന്യൂദല്‍ഹി: മാനുഷിക മൂല്യങ്ങള്‍ക്കായി രാജ്യത്ത് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍. രാജ്യത്തിന്റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് ബോളീവുഡ് താരങ്ങള്‍ ഉള്‍പ്പടെ 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇവര്‍ക്ക് പിന്തുണ അര്‍പ്പിച്ചു കൊണ്ട് സംസാരിക്കവേയാണ് നുസ്രത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായിരുന്നു കത്ത്. മാനുഷികതയ്‌ക്കുവേണ്ടി നിലകൊള്ളുമെന്ന്, പ്രമുഖര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അവര്‍ പറഞ്ഞു. രാജ്യത്തെ റോഡുകള്‍, വൈദ്യുതി, എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്നനിലയില്‍ ബോളിവുഡ് താരങ്ങള്‍ കൈക്കൊണ്ട ഈ നടപടി, അതായത് മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിഷയം പ്രതിപാദിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു.
നവയുഗ മതേതര ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു യുവ എംപിയെന്ന നിലയില്‍ ജനാധിപത്യത്തിനെതിരായുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണം. ഇതിനായി ശക്തമായ നിയമം രൂപീകരിക്കാന്‍ സര്‍ക്കാരിനോടും എല്ലാ നിയമനിര്‍മ്മാതാക്കളോടും അഭ്യര്‍ത്ഥിക്കുന്നതായും അവര്‍ അറിയിച്ചു.
അതിനിടെ രാജ്യം പിന്തുടര്‍ന്നു വരുന്ന ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് കത്തിന് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി.
അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങി നിരവധി പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.
















