ന്യൂഡല്‍ഹി: പാര റെജിമെന്റ് പരിശീലനത്തിന് അനുവാദം ലഭിച്ചു ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെ സൈനിക പരിശീലനം നടത്തും. 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനി(പാര)ല്‍ അംഗമായി കശ്മീരിലാകും ധോണിയുടെ പരിശീലനം. സൈനിക പരിശീലനത്തിനുള്ള ധോണിയുടെ അപേക്ഷയ്‌ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം നല്‍കിയിരുന്നു. 2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്. സൈനികരോടുള്ള ആദര സൂചകമായാണ് ധോണി കീപ്പിംഗ് ഗ്ലൗവില്‍ ബലിദാന്‍ മുദ്രയണിഞ്ഞ് ഇറങ്ങിയത്. സൈന്യത്തില്‍ പരിശീലനത്തിനായി പോകേണ്ടതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയ്‌ക്ക് കത്തയച്ചിരുന്നു.ധോണിയുടെ ഈ ആവശ്യം പരിഗണിച്ച് ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു.
















